ഹരിയാനയിൽ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ ഏഴുപേർ മുങ്ങി മരിച്ചു
text_fieldsചണ്ഡീഗഡ്: ഹരിയാനയിൽ ഗണേശചതുർഥിയോടനുബന്ധിച്ച് ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ ഏഴു പേർ മുങ്ങി മരിച്ചു. സോനിപതിലാണ് മൂന്ന് മരണം റിപ്പോർട്ട് ചെയ്തത്. മഹേന്ദ്രഘട്ടിൽ നാലുപേരും മരിച്ചു.
ആഗസ്റ്റ് 31 ന് ആരംഭിച്ച ഗണേശ ചതുർഥി ആഘോഷം വെള്ളിയാഴ്ച വിഗ്രഹ നിമജ്ജനത്തോടു കൂടി അവസാനിച്ചു. ഗണേശ വിഗ്രഹങ്ങൾ സമീപത്തെ പുഴകളിൽ കൊണ്ടുപോയാണ് നിമജ്ജനം ചെയ്യുക.
സോനിപതിലെ മിമാർപുർ ഘട്ടിൽ വിഗ്രഹനിമജ്ജനത്തിനെത്തിയ ആളും മകനും അനന്തരവനും മുങ്ങി മരിക്കുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു.
മഹേന്ദ്രഘട്ടിൽ ജാഗദോലി ഗ്രാമത്തിനു സമീപത്തുള്ള കനാലിൽ വിഗ്രഹ നിമജ്ജനത്തിന് എത്തിയ ഒമ്പതുപേർ വെള്ളത്തിന്റെ കുത്തൊഴുക്കിൽപെട്ട് ഒലിച്ചുപോയി. രാത്രി വൈകി എട്ടുപേരെ രക്ഷിച്ചെങ്കിലും നാലുപേർ മരിച്ചു.
ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ നിരവധി പേർ മരിച്ച വാർത്ത ഞെട്ടലുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഇടപെടൽ നിരവധിപേരെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയിരിക്കുന്നു. അപകടത്തിൽ പെട്ടവർ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.