ബംഗാളിൽ ബോംബ് പൊട്ടി ഏഴു വയസ്സുകാരന് ദാരുണാന്ത്യം
text_fieldsബർദ്വാൻ: പശ്ചിമബംഗാളിലെ ബർദ്വാൻ നഗരത്തിലെ സുഭാഷ്പള്ളി മേഖലയിൽ നാടൻ ബോംബ് പൊട്ടി ഏഴു വയസ്സുകാരൻ കൊല്ലപ്പെട്ടു. മറ്റൊരു കുട്ടിക്ക് പരിേക്കറ്റു. തിങ്കളാഴ്ച രാവിലെ 11ഓടെയാണ് സംഭവം. ശൈഖ് അഫ്റോസ്, ഒമ്പതു വയസ്സുള്ള ശൈഖ് ഇബ്രാഹീം എന്നീ കുട്ടികൾ തങ്ങളുടെ വീടിനടുത്ത കളിസ്ഥലത്ത് കണ്ട പൊതി തട്ടിനോക്കുകയായിരുന്നു.
സ്ഫോടനശബ്ദം കേട്ട് ഓടിക്കൂടിയവർ കുട്ടികളെ ബർധമാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അഫ്റോസ് മരിച്ചു. ഇബ്രാഹീമിന് ആശുപത്രിയിൽ ചികിത്സ തുടരുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇൻസ്പെക്ടർ ഇൻ ചാർജ് പിൻറു സാഹ പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നടന്ന സ്ഫോടനം മേഖലയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. പർബ ബർദ്വാനിലെ ജില്ല മജിസ്ട്രേറ്റിനോട് തെരഞ്ഞെടുപ്പ് കമീഷൻ അടിയന്തര റിപ്പോർട്ട് തേടി.
സംഭവത്തെ അപലപിച്ച പശ്ചിമബംഗാൾ ബാലാവകാശ കമീഷൻ ചെയർപേഴ്സൻ അനന്യ ചാറ്റർജി, ജില്ല മജിസ്ട്രേറ്റിനോടും പൊലീസ് സൂപ്രണ്ടിനോടും റിപ്പോർട്ട് ആവശ്യപ്പെട്ട് കത്തയച്ചു. അതേസമയം, തൃണമൂൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി ബി.ജെ.പിയും സി.പി.എമ്മും രംഗത്തെത്തി. എന്നാൽ, സംഭവം വളരെ ദുഃഖകരമാണെന്നും ഒരു കുട്ടിയുടെ മരണത്തെക്കാൾ വിഷമകരമായത് എന്തുണ്ടെന്നും തൃണമൂൽ പ്രതികരിച്ചു. സംഭവത്തിൽ രാഷ്ട്രീയമില്ല. രാഷ്ട്രീയം കലർത്താൻ ശ്രമിക്കുന്നതിെൻറ ഉത്തരവാദിത്തം ബി.ജെ.പിക്കാണെന്നും മുതിർന്ന തൃണമൂൽ എം.പി സൗഗത റോയ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.