നോട്ടു നിരോധനത്തിന്‍റെ ഏഴാം വാർഷികം: മോദി സർക്കാറിനെ പ്രഹരിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: 500 രൂപ, 1000 രൂപ നോട്ടുകൾ നിരോധിച്ചതിന്‍റെ ഏഴാം വാർഷികത്തിൽ തലതിരിഞ്ഞ ഭരണപരിഷ്കാരത്തിന് മോദിസർക്കാറിനെ വിമർശിച്ച് കോൺഗ്രസ്. പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാൻ കഴിയാത്ത നോട്ടു നിരോധനം ജനങ്ങൾക്കും സമ്പദ്ഘടനക്കും ഏല്പിച്ച പരിക്ക് മാരകമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
പാർട്ടി നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ജയ്റാം രമേശ് എന്നിവർ വെവ്വേറെ പ്രസ്താവനകളിൽ നോട്ടുനിരോധനത്തിന്‍റെ ദോഷഫലങ്ങൾ അക്കമിട്ടു നിരത്തി. ജീവനോപാധിക്കും സമ്പദ്വ്യവസ്ഥക്കും വലിയ ആഘാതം ഏല്പിച്ച നോട്ടുനിരോധനത്തിനു പിന്നിൽ സാധാരണക്കാരെ കൊള്ളയടിക്കാൻ തയാറാക്കിയ ഗൂഢാലോചനയുണ്ടെന്ന് അവർ പറഞ്ഞു. അതിസമ്പന്ന സുഹൃത്തുക്കളെ സഹായിക്കുകയാണ് സർക്കാറിനെ നിയന്ത്രിച്ചവർ ചെയ്തത്.
കള്ളപ്പണമോ കള്ളനോട്ടോ ഇല്ലാതായില്ല. തീവ്രവാദം അമർച്ചചെയ്യാൻ നോട്ടു നിരോധനത്തിന് കഴിഞ്ഞില്ല. ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലേക്ക് വഴിനടത്തി പ്രചാരത്തിലുള്ള നോട്ടുകളുടെ എണ്ണം കുറക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും, വിപണിയിലെ നോട്ടിന്‍റെ എണ്ണം ഇരട്ടിയോളമായി ഉയർന്നു. ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങളാണ് നോട്ടു നിരോധനം ഇന്നും ബാക്കിവെക്കുന്നത്.
നോട്ടു നിരോധനം, ജി.എസ്.ടി, ലോക്ഡൗൺ എന്നിവ അശാസ്ത്രീയമായി നടപ്പാക്കിയതിന്‍റെ കെടുതികൾ ഇന്നും തുടരുകയാണ്. ഉപഭോഗം കുറഞ്ഞു. കുടുംബങ്ങൾ കടക്കെണിയിലായി. അസംഘടിത ചില്ലറ വ്യാപാര മേഖല തകർന്നു. കമ്പോളം കോർപറേറ്റുകളുടെ കുത്തകയായി -കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.