ബലാത്സംഗ ശേഷം ക്ഷീണിച്ച് ഉറങ്ങുന്നത് ഭാരതസ്ത്രീക്ക് ചേർന്നതല്ല –കർണാടക ഹൈകോടതി
text_fieldsബംഗളൂരു: ബലാത്സംഗം ചെയ്ത ശേഷം ക്ഷീണിച്ചുറങ്ങുന്നത് ഭാരതസ്ത്രീകൾക്ക് ചേർന്നതല്ലെന്ന് കർണാടക ഹൈകോടതി. ബലാത്സംഗക്കേസിൽ കുറ്റാരോപിതന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് സിംഗ്ൾ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിതിെൻറ അസാധാരണ നിരീക്ഷണം. പരാതിക്കാരി ഇരയായശേഷം ക്ഷീണിച്ചുറങ്ങി എന്നു പറയുന്നത് ഭാരതസ്ത്രീകൾക്ക് ചേർന്നതല്ലെന്നും ഇത്തരത്തിലല്ല പെരുമാറുകയെന്നും ജസ്റ്റിസ് കൃഷ്ണ ഉത്തരവിൽ പറഞ്ഞു.
ബംഗളൂരുവിലെ സ്ഥാപന ഉടമ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി 42 കാരി നൽകിയ പരാതിയിൽ രാജരാജേശ്വരി നഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. വിചാരണ കോടതി ജാമ്യപേക്ഷ തള്ളിയതിനെ തുടർന്ന് സ്ഥാപന ഉടമ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
കൃത്യം നടന്ന ദിവസം രാത്രി എന്തിനാണ് പ്രതിയുടെ ഒാഫിസിൽ പോയതെന്ന് യുവതിക്ക് തെളിയിക്കാനായിട്ടില്ല. ഇരുവരും ഹോട്ടലിൽ ഭക്ഷണം കഴിക്കുകയും ഒപ്പം മദ്യപിക്കുകയും ചെയ്തു. ഒന്നിച്ച് കാറിലും സഞ്ചരിച്ചു. പുലർച്ചവരെ ഒന്നിച്ചുകഴിഞ്ഞു. ഇതെല്ലാം ചൂണ്ടിക്കാട്ടിയ ശേഷമാണ് ഭാരത സ്ത്രീകൾ ഇങ്ങനെയല്ല പ്രതികരിക്കുകയെന്ന് നിരീക്ഷിച്ചത്. ഒത്തുതീർപ്പിന് തയാറാണെന്ന് യുവതി മുമ്പ് അറിയിച്ചത് പരാമർശിച്ച കോടതി, ബലാത്സംഗം ചെയ്യപ്പെട്ട ശേഷം പരാതി നൽകാൻ വൈകിയതെന്താണെന്നും ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.