വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധവും ലൈംഗിക ചേഷ്ടകളും ഇസ്‍ലാമിൽ വിലക്കപ്പെട്ടത് -അലഹബാദ് ഹൈകോടതി
text_fieldsലഖ്നോ: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധവും ചുംബനവും സ്പർശനവും നോട്ടങ്ങളും പോലുള്ള ലൈംഗിക പ്രവൃത്തികളും ഇസ്‍ലാമിൽ വിലക്കപ്പെട്ടതാണെന്ന് അലഹബാദ് ഹൈകോടതി. പൊലീസിൽ നിന്ന് സംരക്ഷണമാവശ്യപ്പെട്ട് വ്യത്യസ്ത മതവിഭാഗത്തിൽ പെട്ട വിവാഹം കഴിക്കാതെ ഒന്നിച്ചുജീവിക്കുന്ന ദമ്പതികൾ സമർപ്പിച്ച ഹരജി തള്ളിയാണ് അലഹബാദ് കോടതിയുടെ വിധി. ജസ്റ്റിസുമാരായ സംഗീത ചന്ദ്ര, നരേന്ദ്ര കുമാർ ജോഹരി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെതാണ് വിധി.
വിവാഹബന്ധത്തിലൂടെയല്ലാത്ത ലൈംഗിക ബന്ധം ഇസ്‍ലാം മതം ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും ജഡ്ജിമാർ ചൂണ്ടിക്കാട്ടി. ഭാര്യയും ഭർത്താവും തമ്മിലല്ലാത്ത ലൈംഗിക ബന്ധം വ്യഭിചാരമായാണ് ഇസ്‍ലാമിൽ കണക്കാക്കുന്നത്. വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധവും വിവാഹേതര ബന്ധവും ഇസ്‍ലാം അംഗീകരിക്കുന്നില്ല. വിവാഹത്തിനു മുമ്പുള്ള ചുംബനവും സ്പർശനവും പോലുള്ള പ്രണയ ചേഷ്ടകളും വിലക്കപ്പെട്ടതാണ് ഇസ്‍ലാം മതത്തിലെന്നും ബെഞ്ച് നിരീക്ഷിച്ചു.
പെൺകുട്ടിയുടെ മാതാവിന് ഇരുവരും ഒന്നിച്ചു ജീവിക്കുന്നതിൽ എതിർപ്പുണ്ടെന്നും അതിനാൽ പൊലീസിൽ പരാതി നൽകിയെന്നുമാണ് ദമ്പതികളുടെ ഹരജിയിലുള്ളത്. വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്ന ദമ്പതികൾക്ക് സംരക്ഷണം നൽകണമെന്ന സുപ്രീംകോടതി വിധിയും ദമ്പതികൾ ഹരജിയിൽ പരാമർശിച്ചിരുന്നു. സുപ്രീംകോടതി വിധി ഇത്തരം ബന്ധങ്ങൾ പ്രോൽസാഹിപ്പിക്കാൻ കണക്കിലെടുക്കാൻ സാധിക്കില്ലെന്നായിരുന്നു ബെഞ്ചിന്റെ മറുപടി.
''പരമ്പരാഗതമായി നിയമം വിവാഹത്തിന് അനുകൂലമാണ്. അത് സംരക്ഷിക്കാനും പ്രോൽസാഹിപ്പിക്കാനും വ്യക്തികൾക്ക് നിരവധി അവകാശങ്ങളും പദവികളും നൽകിയിട്ടുണ്ട്. ഒരു സാമൂഹിക യാഥാർഥ്യത്തെ അംഗീകരിക്കുകയാണ് സുപ്രീംകോടതി. ഇന്ത്യൻ കുടുംബ ജീവിതത്തിന്റെ ചുരുളഴിക്കാൻ അത് ഉദ്ദേശിക്കുന്നില്ല.''- ബെഞ്ച് നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.