'വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ ലഭിക്കുന്നില്ല, സർക്കാർ ഇടപെടണം'; വിചിത്ര ആവശ്യവുമായി യുവാക്കളുടെ കലക്ടറേറ്റ് മാര്‍ച്ച്
text_fieldsപുണെ: വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ ലഭിക്കുന്നില്ലെന്നും സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് യുവാക്കളുടെ മാർച്ച്. മഹാരാഷ്ട്രയിലാണ് വധുവിനെ തേടി അവിവാഹിതരായ ചെറുപ്പക്കാരുടെ മാര്‍ച്ച് സംഘടിപ്പിച്ചത്. 'ബ്രൈഡ് ഗ്രൂം മോര്‍ച്ച'എന്ന സംഘടനയാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. സ്ത്രീ പുരുഷ അനുപാതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
മാര്‍ച്ചില്‍ പങ്കെടുത്ത യോഗ്യരായ ബാച്ചിലര്‍മാര്‍ക്ക് സര്‍ക്കാര്‍ വധുവിനെ കണ്ടെത്തി നല്‍കണമെന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികളെ വേണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് അവിവാഹിതരായ നിരവധി പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. വിവാഹ വേഷങ്ങള്‍ ധരിച്ചും കുതിര പുറത്ത് സംഗീതത്തിന്റെ അകമ്പടിയോടെയുമാണ് യുവാക്കള്‍ കളക്ടറുടെ ഓഫീസിലെത്തിയത്.
‘ആളുകള്‍ ഈ മാര്‍ച്ചിനെ പരിഹസിച്ചേക്കാം, എന്നാല്‍ സംസ്ഥാനത്ത് ആണ്‍-പെണ്‍ അനുപാതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം വിവാഹപ്രായമായ യുവാക്കള്‍ക്ക് വധുവിനെ ലഭിക്കുന്നില്ല എന്നതാണ് ഭയാനകമായ യാഥാഥ്യം’-ജ്യോതി ക്രാന്തി പരിഷത്ത് സ്ഥാപകന്‍ രമേഷ് ബരാസ്‌കര്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ ലിംഗാനുപാതം 1000 ആണ്‍കുട്ടികള്‍ക്ക് 889 പെണ്‍കുട്ടികളാണെന്നും അദ്ദേഹം പറഞ്ഞു. പെണ്‍ഭ്രൂണഹത്യ കാരണമാണ് ഈ അസമത്വം നിലനില്‍ക്കുന്നതെന്നും ഈ അസമത്വത്തിന് സര്‍ക്കാരാണ് ഉത്തരവാദിയെന്നും ബരാസ്‌കര്‍ ആരോപിച്ചു. സര്‍ക്കാര്‍ പെണ്‍ ഭ്രൂണഹത്യ തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സ്ത്രീകള്‍ക്കിടയില്‍ ബോധവത്കരണം നടത്തണമെന്നും സമരക്കാര്‍, നിവേദനത്തില്‍ ആവശ്യപ്പെട്ടു.
എനിക്ക് 29 വയസ്സുണ്ട്, അവിവാഹിതനാണ്, സോലാപൂർ ജില്ലയിലെ ഒരു ഗ്രാമപ്രദേശത്ത് നിന്നാണ്. ഞങ്ങൾക്ക് ഒരു കുടുംബ ഡയറി ബിസിനസ്സ് ഉണ്ട്. കൂടാതെ രണ്ടേക്കർ സ്ഥലത്ത് കൃഷിയും ചെയ്യുന്നു. ഓരോ വിവാഹാലോചന വരുമ്പോഴും വധുവിന്റെ ആദ്യ ചോദ്യം ഞാൻ താമസിക്കുന്നത് നഗരത്തിലാണോ, ജോലിയുണ്ടോ എന്നതായിരിക്കും’-മാർച്ചിൽ പങ്കെടുത്ത ശിൽവന്ത് ശ്രീസാഗർ പറഞ്ഞു.
തനിക്ക് ഇതുവരെ 25 വിവാഹാലോചനകൾ വന്നിട്ടുണ്ടെന്നും എന്നാൽ മിക്ക കേസുകളിലും താൻ നഗരത്തിൽ താമസിക്കുന്നില്ലെന്നും ജോലിയില്ലെന്നും അറിഞ്ഞതിനെത്തുടർന്ന് യുവതികൾ വിവാഹ അഭ്യർഥന നിരസിച്ചതായും ശിൽവന്ത് പറഞ്ഞു.
‘ചില മാട്രിമോണിയൽ സൈറ്റുകളിലും വിവാഹ ബ്യൂറോകളിലും എന്റെ പ്രൊഫൈൽ ഇട്ടിട്ടുണ്ട്. പക്ഷേ വെറുതെയായിർ. ഗ്രാമപ്രദേശത്ത് താമസിക്കുന്ന ഒരു പുരുഷനെ വിവാഹം കഴിക്കാൻ ഒരു സ്ത്രീയും ആഗ്രഹിക്കുന്നില്ല’-ശിൽവന്ത് ശ്രീസാഗർ കൂട്ടിച്ചേർത്തു.
‘എനിക്ക് ഇതുവരെ എട്ട് വിവാഹാലോചനകൾ വന്നിട്ടുണ്ട്. എന്നാൽ എനിക്ക് ശരിയായ ജോലിയുണ്ടോ ഇല്ലയോ എന്നതാണ് സ്ത്രീയുടെ വീട്ടുകാരിൽ നിന്നുള്ള ആദ്യത്തെ ചോദ്യം. ഞങ്ങൾക്ക് മതിയായ കൃഷിഭൂമിയുണ്ടോ എന്നതാണ് അടുത്ത ചോദ്യം. വരന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അവർക്ക് കൂടുതൽ പ്രതീക്ഷകളുണ്ടെന്ന് തോന്നുന്നു’-തയ്യൽ ജോലി ചെയ്യുന്ന, സ്വന്തമായി രണ്ടേക്കർ കൃഷിഭൂമിയുള്ള ഔദുംബർ മാലിക് (27) പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.