സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തെ ബലാത്സംഗമെന്ന് പറയാനാവില്ല -മധ്യപ്രദേശ് ഹൈകോടതി
text_fieldsഭോപ്പാൽ: സമ്മതപ്രകാരം ലൈംഗികബന്ധത്തിലേർപ്പെട്ട് പിന്നീട് ബലാത്സംഗം ആരോപിക്കാനാകില്ലെന്ന് മധ്യപ്രദേശ് ഹൈകോടതി. വിവാഹവാഗ്ദാനം നൽകി തന്നെ ബലാത്സംഗം ചെയ്തെന്ന് കാട്ടി യുവാവിനെതിരെ യുവതി നൽകിയ ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
37കാരനെതിരെ അധ്യാപികയായ യുവതിയാണ് പരാതിപ്പെട്ടത്. ഇരുവരും വിവാഹിതരാണ്. എന്നാൽ, വിവാഹവാഗ്ദാനം നൽകി തന്നെ ഇയാൾ ബലാത്സംഗം ചെയ്തെന്നായിരുന്നു അധ്യാപികയുടെ പരാതി. എന്നാൽ, ഇരുവരും തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്ന് ബലാത്സംഗക്കുറ്റം റദ്ദാക്കിക്കൊണ്ട് കോടതി നിരീക്ഷിച്ചു.
ഇരുവരും വിവാഹിതരായതിനാൽ, വിവാഹവാഗ്ദാനം നൽകി ലൈംഗികബന്ധത്തിലേർപ്പെട്ടെന്ന ആരോപണവും നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്ര സ്വദേശിയായ 37കാരൻ ഒരു വിവാഹ ചടങ്ങിനിടെയാണ് അധ്യാപികയുമായി പരിചയത്തിലായത്. പിന്നീട് ഫോൺവിളികളിലൂടെ ബന്ധം വളർന്നു. മേയ് 31ന് വീട്ടിൽ ആളില്ലാതിരുന്ന സമയം താൻ അധ്യാപികയുടെ വീട്ടിലെത്തുകയും അവരുടെ സമ്മതത്തോടുകൂടി ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്യുകയായിരുന്നെന്ന് ഇയാൾ കോടതിയെ അറിയിച്ചു. രണ്ടുപേരും വിവാഹതിതരായതിനാൽ വിവാഹവാഗ്ദാനം നൽകിയിട്ടില്ലെന്നും ഇയാൾ പറഞ്ഞു.
എന്നാൽ, ഇവർ തമ്മിലുള്ള ബന്ധം ഉലഞ്ഞതോടെ അധ്യാപിക ഇയാൾക്കെതിരെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി.
സമാന കേസുകളിൽ അടുത്തകാലത്ത് സുപ്രീംകോടതിയിൽ നിന്നും മറ്റ് ഹൈകോടതികളിൽ നിന്നുമുള്ള വിധികൾ ചൂണ്ടിക്കാട്ടിയായിരുന്നു മധ്യപ്രദേശ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് സുജോയ് പോളിന്‍റെ വിധി.
സമാനമായ വിധി ഈയിടെ കേരള ഹൈകോടതിയും പുറപ്പെടുവിച്ചിരുന്നു. പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തിൽനിന്ന് പിൻമാറിയാൽ പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെന്നാണ് ഹൈകോടതി വ്യക്തമാക്കിയത്. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നാരോപിച്ച് കൊല്ലം പുനലൂർ സ്വദേശിയായ യുവാവിനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹരജിയിലായിരുന്നു ഈ പരാമർശങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.