ജാര്‍ക്കിഹോളിക്കെതിരായ ലൈംഗിക ആരോപണം: പരാതി പിൻവലിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകൻ
text_fieldsബംഗളൂരു: വിഡിയോ ക്ലിപ് വിവാദത്തെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ച ബി.ജെ.പി എം.എൽ.എ രമേശ് ജാർക്കിഹോളിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ വഴിത്തിരിവ്. പീഡന പരാതി പിൻവലിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകൻ ദിനേഷ് കല്ലഹള്ളി അറിയിച്ചു. വിഡിയോയുമായി ബന്ധപ്പെട്ട് അഞ്ചു കോടിയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും ബ്ലാക്ക്മെയിൽ ചെയ്യുന്നവരെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടതെന്നുമുള്ള ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ ആരോപണം വളരെയധികം വേദനിപ്പിച്ചെന്നും ഇതേത്തുടർന്നാണ് പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും ദിനേഷ് കല്ലഹള്ളി പറഞ്ഞു.
ചില സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് പരാതി പിൻവലിക്കുന്നതെന്നും ഇതിൽ രാഷ്ട്രീയ സമ്മർദമില്ലെന്നും ഇരക്ക് നീതി ലഭിക്കണമെന്നത് മാത്രമായിരുന്നു ലക്ഷ്യമെന്നും കല്ലഹള്ളിയുടെ അഭിഭാഷകൻ കുമാർ പാട്ടീൽ പറഞ്ഞു. സംഭവം വിവാദമായതോടെ തനിക്കുനേരെ ഭീഷണിയുണ്ടെന്ന് ദിനേഷ് കല്ലഹള്ളി പറഞ്ഞിരുന്നു.
സര്‍ക്കാർ ജോലി വാഗ്ദാനം ചെയ്ത് 25കാരിയെ ജാർക്കിഹോളി ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് കബൺ പാര്‍ക്ക് പൊലീസിലായിരുന്നു ദിനേഷ് കല്ലഹള്ളി പരാതി നല്‍കിയത്. യുവതിയും മന്ത്രിയും തമ്മിലുള്ളതെന്ന് പറയപ്പെടുന്ന സ്വകാര്യ ദൃശ്യങ്ങളും പുറത്തായിരുന്നു. പരാതിയില്‍ യുവതിയാരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് രമേഷ് ജാര്‍ക്കിഹോളി മന്ത്രിസ്ഥാനം രാജിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.