ലൈംഗികാതിക്രമം; പതിനേഴുകാരി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു
text_fieldsഅമരാവതി: വിശാഖപട്ടണത്ത് പതിനേഴുകാരിയായ പോളിടെക്നിക് വിദ്യാർഥിനി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. സഹവിദ്യാർഥികളിൽ നിന്നും ലൈംഗിക പീഡനത്തിന് ഇരയായെന്ന് കുടുംബത്തെ വിളിച്ച് അറിയിച്ചതിന് പിന്നാലെയായിരുന്നു സംഭവം. പീഡനത്തിന്റെ ദൃശ്യങ്ങൾ സംഘം പകർത്തിയെന്നും പ്രതികൾക്കെതിരെ പരാതി നൽകിയാൽ അവ പ്രചരിപ്പിക്കുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനി സഹോദരിക്ക് അയച്ച് സന്ദേശത്തിൽ പറയുന്നുണ്ട്.
വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് കുട്ടിയെ കാണ്മാനില്ലെന്ന് ചൂണ്ടിക്കാട്ടി കോളേജ് അധികൃതർ കുടുംബത്തെ ബന്ധപ്പെടുന്നത്. കുട്ടിയെ വിളിച്ചിട്ടും ബന്ധപ്പെടാൻ സാധിക്കാതിരുന്നതോടെ കുടുംബം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് വെളളിയാഴ്ച 12.50ഓടെ കുട്ടി കുടുംബത്തിന്റെ സന്ദേശങ്ങൾക്ക് മറുപടി നൽകിയിരുന്നു. ഭയപ്പെടേണ്ടതില്ലെന്നും താൻ സ്വീകരിക്കുന്ന തീരുമാനത്തോട് മാതാപിതാക്കൾ ക്ഷമിക്കണമെന്നും കുടുംബത്തിന് അയച്ച സന്ദേശത്തിൽ വിദ്യാർഥിനി കുറിച്ചു. ഗർഭിണിയായ മൂത്ത സഹോദരിക്ക് അഭിനന്ദനം നേരുന്നുവെന്നും അനിയത്തോട് ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അഭിനിവേശങ്ങളെ പിന്തുടർന്ന് വളരണമെന്നും വിദ്യാർഥിനി കത്തിൽ കുറിച്ചതായാണ് റിപ്പോർട്ട്. പിതാവിനായി അയച്ച സന്ദേശത്തിൽ തന്നെപ്പോലെ ദുരിതം അനുഭവിക്കുന്ന മറ്റ് പെൺകുട്ടികളുമുണ്ടെന്നും പ്രതികരിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും കുട്ടി പറയുന്നു. അധികൃതരോട് സംഭവത്തെ കുറിച്ച് പരാതിപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ സംശയിച്ചേക്കാം. പരാതിപ്പെട്ടിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. പരാതി നൽകിയതറിഞ്ഞാൽ അവർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും കുട്ടി പിതാവിനോട് പറഞ്ഞു. നിലവിലെ മാനസികാവസ്ഥയിൽ തീരുമാനമെടുക്കരുതെന്ന് കുടുംബം കുട്ടിയോട് പറഞ്ഞെങ്കിലും മറുപടിയുണ്ടായില്ല.
അതേസമയം അത്തരം ലൈംഗിക പീഡനത്തിന് സാധ്യതയില്ലെന്നാണ് കോളേജ് അധികൃതരുടെ വാദം. സ്ത്രീകളുടെ ഹോസ്റ്റലിൽ പ്രവേശിക്കാൻ പുരുഷന്മാർക്ക് അനുവാദമില്ലെന്നും കോളേജ് പ്രിൻസിപ്പൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.