ലൈംഗികാതിക്രമം: പ്രജ്വൽ രേവണ്ണക്കെതിരെ ഹാസനിൽ ബഹുജന മാർച്ച്
text_fieldsബംഗളൂരു: കൂട്ട ലൈംഗിക അതിക്രമക്കേസ് പ്രതി പ്രജ്വൽ രേവണ്ണ എം.പിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടും അതിജീവിതകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വ്യാഴാഴ്ച ഹാസൻ മഹാരാജ പാർക്ക് കേന്ദ്രീകരിച്ച് സംഘടിപ്പിച്ച മാർച്ച് ആയിരങ്ങൾ അണിനിരന്ന പ്രതിഷേധ ജ്വാലയായി.
‘ഹാസൻ ചലോ’ മുദ്രാവാക്യം മുഴക്കി വാഹനങ്ങളിലും കാൽനടയായും എത്തിയ ജീവിതത്തിന്റെ നാനാ തുറകളിലുള്ളവർ സാമൂഹിക, സാംസ്കാരിക, ട്രേഡ് യൂണിയൻ നേതാക്കൾക്ക് പിന്നിൽ അണിചേർന്നു. 143 വർഗ ബഹുജന, സാംസ്കാരിക സംഘടനകൾ കൈകോർത്ത മാർച്ച് ആയിരങ്ങൾ പങ്കെടുത്ത റാലിയായി.
മഹാരാജ പാർക്ക് പരിസരത്തെ ഹേമാവതി പ്രതിമക്ക് മുന്നിൽ നിന്നാരംഭിച്ച റാലിക്ക് സാമൂഹിക സാംസ്കാരിക നായകരായ ഭാരതി രാജശേഖർ, ആർ.കെ.വെങ്കടെശ് മൂർത്തി, എച്ച്.കെ.സന്ദേശ്, ഇർശാദ് അഹ്മദ് ദേശായി, രാജശേഖർ മാസ്റ്റർ, എം.സി. ഡോൺഗ്രെ, രാജു ഗൊരൂർ എന്നിവർ നേതൃത്വം നൽകി.
സ്കൂൾ ഉച്ചക്കഞ്ഞി പാചകത്തൊഴിലാളികൾ, ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ റാലിയിൽ വനിത പങ്കാളിത്തം വർധിപ്പിച്ചു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം മുൻ എംപി സുഭാഷിണി അലി, സാഹിത്യകാരനും പ്രേരണ വികാസ് വേദി ഡയറക്ടറുമായ രൂപ ഹസൻ, സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് എസ്. വരലക്ഷ്മി, ആശ വർക്കർമാരുടെ സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി ഡി. നാഗലക്ഷ്മി, ദലിത് സംഘടനകളുടെ ഐക്യവേദി പ്രസിഡന്റ് മാവള്ളി ശങ്കർ, വിവിധ വനിത സംഘടന നേതാക്കളായ കെ.നീല, കെ.എസ്.വിമല, എ.ജ്യോതി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.