തെങ്കാശിയിൽ മലയാളി റെയിൽവേ ജീവനക്കാരിക്കെതിരായ ലൈംഗികാതിക്രമം; യുവതിയെ ക്രൂരമായി മർദിച്ചതായി പിതാവ്
text_fieldsചെന്നൈ: തെങ്കാശിയിൽ മലയാളി റെയിൽവേ ജീവനക്കാരിക്കെതിരെയുണ്ടായ ലൈംഗികാതിക്രമത്തിനിടെ അക്രമി യുവതിയെ ക്രൂരമായി മർദിച്ചതായി പിതാവ്. മകളെ അക്രമി ചവിട്ടി വീഴ്ത്തി, ട്രാക്കിലൂടെ വലിച്ചിഴക്കുകയും മുഖത്തും തലയിലും മർദിക്കുകയും ചെയ്തതായി പിതാവ് വെളിപ്പെടുത്തി. പ്രതിയുടെ മുടിയിൽ കുത്തിപ്പിടിച്ചാണ് മകൾ രക്ഷപെട്ടതെന്നും പിതാവ് പറഞ്ഞു.
അക്രമി തമിഴ് സംസാരിക്കുന്നയാളാണെന്നും ഗാർഡ് റൂമിൽ കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും യുവതിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഷർട്ട് ധരിക്കാത്ത കാക്കിയിട്ട ആളാണ് അക്രമിച്ചതെന്നും വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് അയാൾ ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തമിഴിൽ ആക്രോശിച്ചു കൊണ്ട് എത്തിയ പ്രതി അക്രമണത്തിലുടനീളം തമിഴാണ് സംസാരിച്ചതെന്നും യുവതി അറിയിച്ചതായി പൊലീസ് പറഞ്ഞു. യുവതിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, പ്രതിയെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയുടേതെന്ന് ലഭിക്കുന്ന ചെരുപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഏറെനാളായി തമിഴ്‌നാട്ടിൽ താമസിക്കുന്ന, അല്ലെങ്കിൽ തമിഴ്‌നാട് സ്വദേശിയായ ആളായിരിക്കും പ്രതി എന്നാണ് പൊലീസിന്റെ നിഗമനം. തെങ്കാശിയിലേക്ക് പോകുന്ന റെയിൽവേ ട്രാക്കിൽ വെളിച്ചമില്ലാത്തത് പ്രതിയെ രക്ഷപെടാൻ സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഈ പ്രദേശത്ത് സിസിടിവി ക്യാമറകളില്ലാത്തത് പൊലീസിന് വെല്ലുവിളിയാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.