ലൈംഗിക അതിക്രമം; ബി.ജെ.പി നേതാവ് അരുൺ കുമാർ പുത്തിലക്കെതിരെ കേസ്
text_fieldsമംഗളൂരു: ലൈംഗികമായി പീഡിപ്പിച്ചെന്ന 45കാരിയുടെ പരാതിയിൽ ദക്ഷിണ കന്നട ജില്ലയിൽ പുത്തൂരിലെ ബി.ജെ.പി നേതാവ് അരുൺ കുമാർ പുത്തിലക്കെതിരെ പൊലീസ് കേസെടുത്തു.
ബംഗളൂരുവിലെ ഹോട്ടലിൽ പീഡിപ്പിച്ച പുത്തില ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്യുന്നതായി പുത്തൂർ സ്വദേശിനി നൽകിയ പരാതിയിൽ പറഞ്ഞു. ഹിന്ദുത്വ ആശയങ്ങളാണ് തന്നെ പുത്തിലയുമായി അടുപ്പിച്ചത്. സമൂഹ മാധ്യമം വഴിയുള്ള ബന്ധം നേരിലായി. കഴിഞ്ഞ വർഷം ജൂണിൽ തന്നോട് ബംഗളൂരുവിലെ ഹോട്ടലിൽ എത്താൻ ആവശ്യപ്പെട്ടു. അവിടെ വെച്ച് തന്നെ പീഡിപ്പിച്ചു.
തന്റെ മകളുടെ എല്ലാ കാര്യങ്ങളും മരണം വരെ നോക്കുമെന്നാണ് പറഞ്ഞത്. അരുൺ കുമാർ ആവശ്യപ്പെട്ടിടത്തെല്ലാം താൻ പോയി. ലൈംഗികബന്ധ ദൃശ്യങ്ങൾ, സെൽഫി, ഓഡിയോ, വിഡിയോ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്തായിരുന്നു അതെല്ലാം. എന്നാൽ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം അരുൺ കുമാർ ബന്ധപ്പെടാതെയായി. താൻ വാടക നൽകാൻ പോലും കഴിയാതെ വിഷമിക്കുകയാണെന്നും പരാതിയിൽ പറഞ്ഞു. അതേസമയം, തനിക്കെതിരെ രാഷ്ട്രീയ താൽപര്യത്തോടെ ആസൂത്രണം ചെയ്ത പരാതിയാണിതെന്നും സത്യം പുലരാതിരിക്കില്ലെന്നും അരുൺകുമാർ പുത്തില പ്രതികരിച്ചു.
കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ പുത്തൂർ മണ്ഡലം സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി വിടുകയും ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ തിരിച്ചുവരുകയും ചെയ്ത നേതാവാണ് അരുൺ കുമാർ പുത്തില. പുത്തൂർ സിറ്റിങ് എം.എൽ.എ സജീവ മഡന്തൂരിനെ സ്ത്രീയോട് ഒപ്പമുള്ള രംഗങ്ങൾ പുറത്തുവിട്ട് സീറ്റ് നിഷേധിക്കാൻ കരുക്കൾ നീക്കിയത് പുത്തിലയുമായി ബന്ധപ്പെട്ടവരാണെന്ന് ആരോപണം ഉയർന്നിരുന്നു.
സീറ്റ് മോഹിച്ചെങ്കിലും പരിഗണിക്കാതെ ആശ തിമ്മപ്പ എന്ന വനിതക്കാണ് ടിക്കറ്റ് നൽകിയിരുന്നത്. അരുൺ കുമാർ പുത്തില റെബൽ സ്ഥാനാർഥിയായി. പുത്തില പരിവാർ എന്ന സംഘടന രൂപവത്കരിച്ച് പ്രവർത്തിച്ച അരുൺ കുമാർ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. കോൺഗ്രസ് സ്ഥാനാർഥി അശോക് കുമാർ റൈയാണ് വിജയിച്ചത്. ബി.ജെ.പിയിൽ നിരുപാധികമായി തിരിച്ചെത്തിയ അരുൺ കുമാർ പാർട്ടിയിൽ ശക്തനാവുന്നതിനിടെയാണ് ലൈംഗിക ആരോപണം ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.