ചികിത്സാനുകൂല്യത്തിന് ലൈംഗികമായി വഴങ്ങണം, ശരിയല്ലാത്ത രീതിയിൽ സ്പർശിക്കുന്നു; ബ്രിജ് ഭൂഷനെതിരായ എഫ്.ഐ.ആർ വിവരങ്ങൾ പുറത്ത്
text_fieldsന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ് വനിത ഗുസ്തി താരങ്ങൾ ഡൽഹി കോണാട്ട്പ്ലേസ് പൊലീസ് സ്റ്റേഷനിൽ നൽകിയ മൊഴിപ്രകാരം രജിസ്റ്റർചെയ്ത രണ്ട് എഫ്.ഐ.ആറുകൾ വരച്ചുകാട്ടുന്നത് മഹാപീഡകനായ ബ്രിജ്ഭൂഷൺ യാദവിന്റെ മുഖം. പ്രതിയുടേത് ഗുരുതരമായ കുറ്റങ്ങൾ. ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ യാദവിന്റെ ലൈംഗികപീഡനം നേരിട്ട ഗുസ്തി താരങ്ങളിൽനിന്ന് കുറെയേറെ വിവരങ്ങൾ നേരത്തേ തന്നെ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, അവരിൽനിന്ന് മൊഴിയെടുത്ത് പൊലീസ് തയാറാക്കിയ എഫ്.ഐ.ആറിലെ ഉള്ളടക്കം ഇപ്പോൾ മാത്രമാണ് പുറത്തായത്. ഏപ്രിൽ 21ന് നൽകിയ പരാതിയിൽ 28ന് മാത്രമാണ് മൊഴിയെടുത്തത്. 2012 മുതൽ 2022 വരെ ഇന്ത്യയിലും പുറത്തുമായി നടന്ന സംഭവങ്ങളെക്കുറിച്ച് താരങ്ങൾ മൊഴി നൽകിയിട്ടുണ്ട്.
വനിതാ താരങ്ങളുടെ യാത്രകളിൽ ഒപ്പം പോകുന്നത് പതിവാക്കിയ ബ്രിജ്ഭൂഷൺ അവരെ തരംപോലെ ലൈംഗികമായി പീഡിപ്പിച്ചത് എഫ്.ഐ.ആർ വിവരിക്കുന്നു. ടി ഷർട്ട് പിടിച്ചുവലിച്ചു, മാറിടത്തും വയറിലുമൊക്കെ ബലാൽക്കാരമായി കടന്നുപിടിച്ചു. വ്യായാമത്തിനുള്ള മാറ്റിൽ കിടന്നപ്പോൾ ശ്വാസം പരിശോധിക്കാനെന്ന പേരിൽ മാറിടം മുതൽ താഴേക്ക് കൈയോടിച്ചു എന്നിങ്ങനെ കേട്ടാൽ അറപ്പുളവാക്കുന്ന നിരവധി സംഭവങ്ങൾ താരങ്ങൾ പറഞ്ഞിട്ടുണ്ട്.
ഇംഗിതത്തിന് വഴങ്ങിയാൽ, ഗുസ്തിയിൽ പ്രകടനം മെച്ചപ്പെടുത്താനുള്ള പ്രത്യേക മരുന്ന് തരാമെന്നു മുതൽ പുതിയ അവസരങ്ങൾ നൽകാമെന്നു വരെ പ്രലോഭനങ്ങൾ. റസ്റ്റാറന്റിൽ ഭക്ഷണം കഴിക്കാൻ പോയപ്പോൾ മാറ്റിയിരുത്തി പീഡിപ്പിച്ചു. വീട്ടിലേക്ക് വിളിക്കാൻ മൊബൈൽ ഫോൺ നൽകിയതിന്റെ പേരിൽ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചു. ഒറ്റക്ക് മുറിയിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിച്ചു. ഒന്നിച്ചുനിന്ന് പടമെടുക്കാനെന്നു പറഞ്ഞ് ചേർത്തുപിടിച്ച് സ്വകാര്യ ഭാഗങ്ങളിൽ ബലാൽക്കാരമായി സ്പർശിച്ചു.ഒരു കുട്ടിയെ ചേർത്തുപിടിച്ചത്, പിതാവിനെപ്പോലെ കണ്ടാൽ മതിയെന്ന വാക്കുകളോടെയാണ്. ഇയാളുടെ മുന്നിൽ ഒറ്റക്ക് ചെന്നുപെടാതിരിക്കാൻ താരങ്ങൾ ഒന്നിച്ചു നടക്കുക പതിവാക്കിയിരുന്നെന്നും എഫ്.ഐ.ആറിലുണ്ട്.
ആറു താരങ്ങളുടെ പരാതി ഒറ്റ എഫ്.ഐ.ആറിലാണ് രേഖപ്പെടുത്തിയത്. പ്രായപൂർത്തിയാകാത്ത ഒരു താരത്തിനു വേണ്ടി പിതാവ് നൽകിയ മൊഴി പ്രകാരമാണ് രണ്ടാമത്തെ എഫ്.ഐ.ആർ. ലൈംഗിക പീഡനം, ദേഹോപദ്രവം എന്നിവക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354, 354 -എ, 354 -ഡി, 34 വകുപ്പുകൾ പ്രകാരമാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.