ലൈംഗിക പീഡനക്കേസ് അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് രാജ്ഭവൻ ജീവനക്കാരോട് ബംഗാൾ ഗവർണർ
text_fieldsകൊൽക്കത്ത: ലൈംഗികമായി പീഡിപ്പിച്ചുവെന്ന രാജ്ഭവൻ ജീവനക്കാരിയുടെ പരാതിയിൽ അന്വേഷണത്തോട് സഹരിക്കേണ്ടെന്ന് പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിന്‍റെ നിർദേശം. രാജ്ഭവൻ ജീവനക്കാരോട് കത്ത് മുഖേനയാണ് ഗവർണർ ഇക്കാര്യം അറിയിച്ചത്.
ഗവർണക്കെതിരെ ക്രിമിനൽ നടപടി പാടില്ലെന്നാണ് ചട്ടമെന്ന് ആനന്ദബോസ് വ്യക്തമാക്കി. തനിക്കെതിരായ അന്വേഷണം ഭരണഘടനയെ അവഹേളിക്കലാണ്. പൊലീസ് അന്വേഷണത്തിന് ഭരണഘടനാപരമായി വിലക്കുണ്ടെന്നും ആനന്ദബോസ് ചൂണ്ടിക്കാട്ടി.
ലൈംഗികാരോപണം നേരിടുന്ന സാഹചര്യത്തിൽ പൊലീസിന്റെയും മന്ത്രി ചന്ദ്രിമ ഭട്ടാചാര്യയുടെയും രാജ്ഭവൻ പ്രവേശനം വിലക്കി ഗവർണർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. അപകീർത്തികരവും ഭരണഘടന വിരുദ്ധവുമായ പ്രസ്താവനകൾ ഗവർണർക്കെതിരെ നടത്തിയ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ രാജ്ഭവൻ പരിസരത്ത് കയറരുതെന്ന് ഉത്തരവിൽ പറയുന്നു.
മന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ ഗവർണർ പങ്കെടുക്കില്ലെന്നും മന്ത്രിക്കെതിരെയുള്ള തുടർ നിയമനടപടികളെ കുറിച്ച് കൂടുതൽ ഉപദേശത്തിനായി അറ്റോർണി ജനറൽ ഓഫ് ഇന്ത്യയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ഗവർണർ സി.വി. ആനന്ദ ബോസ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് രാജ്ഭവൻ ജീവനക്കാരി ആരോപിച്ചത്. മാർച്ച് 29നും മേയ് മൂന്നിനും തന്‍റെ അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചെന്നാണ് ജീവനക്കാരി പരാതിയിൽ പറയുന്നത്. ഗവർണർക്കെതിരെ ലൈംഗിക പീഡന പരാതി ലഭിച്ചിട്ടുണ്ടെന്നും രാജ്ഭവന് ഉള്ളിൽവെച്ചാണ് ജീവനക്കാരി പീഡനത്തിന് ഇരയായതെന്നും കൊൽക്കത്ത പൊലീസും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.