യു.പി ജില്ല ജഡ്ജിയിൽ നിന്ന് ലൈംഗികാതിക്രമം; വനിതാ ജഡ്ജി ജീവനൊടുക്കാൻ സുപ്രീംകോടതിയുടെ അനുവാദം തേടി
text_fieldsലഖ്നോ: ജില്ല ജഡ്ജിയിൽ നിന്ന് നേരിടുന്ന ലൈംഗികാതിക്രമത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും, അപമാനിതയായി ജീവിക്കുന്നതിന് പകരം ജീവനൊടുക്കാൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി യു.പിയിലെ വനിതാ ജഡ്ജി. ബാന്ദ ജില്ലയിലെ സിവിൽ ജഡ്ജി അർപിത സാഹുവാണ് താൻ നേരത്തെ ജോലിചെയ്ത ബാരാബാങ്കിയിലെ ജില്ല ജഡ്ജിയിൽ നിന്ന് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. നിരവധി പരാതികൾ നൽകിയിട്ടും അതിക്രമം നടത്തിയ ജഡ്ജിക്കെതിരെ യാതൊരു നടപടിയുമില്ല. ഇങ്ങനെ അപമാനിതയായി ജീവിക്കുന്നതിലും ഭേദം ജീവനൊടുക്കുകയാണെന്നും അതിന് അനുവാദം നൽകണമെന്നും ഇവർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെഴുതിയ തുറന്ന കത്തിൽ പറഞ്ഞു.
'ഏറെ അഭിമാനത്തോടെയും സാധാരണക്കാർക്ക് നീതി ലഭ്യമാക്കാനാകുമെന്ന ധാരണയോടെയുമാണ് ഞാൻ നിയമവ്യവസ്ഥയുടെ ഭാഗമായത്. എന്നാൽ, എല്ലാ വാതിലുകൾക്ക് മുന്നിലും നീതിക്ക് വേണ്ടി യാചിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ എനിക്ക്. ഞാൻ ലൈംഗികാതിക്രമത്തിനിരയായി' -ജഡ്ജി കത്തിൽ പറയുന്നു.
ലൈംഗികാതിക്രമം സഹിച്ച് ജീവിക്കാൻ പഠിക്കണമെന്നാണ് ഇന്ത്യയിലെ എല്ലാ സ്ത്രീകളോടും പറയാനുള്ളത്. അതാണ് നമ്മുടെ ജീവിതത്തിന്‍റെ യാഥാർഥ്യം. ലൈംഗികാതിക്രമത്തിനെതിരായ നിയമം ഒരു നുണയാണ്. നിങ്ങളെ ആരും കേൾക്കുകയോ വേവലാതിപ്പെടുകയോ ഇല്ല. പരാതിപ്പെട്ടാൽ നിങ്ങൾ തന്നെയാണ് വീണ്ടും പീഡനമനുഭവിക്കുക. ആരും കേൾക്കാനുണ്ടാവില്ല എന്ന് പറയുന്നതിൽ സുപ്രീംകോടതിയും ഉൾപ്പെടും. നിങ്ങളുടെ പരാതിക്ക് എട്ട് സെക്കൻഡ് ലഭിക്കും. നിങ്ങൾ അപമാനിക്കപ്പെടും. നിങ്ങൾ ആത്മഹത്യചെയ്യാൻ നിർബന്ധിതരാകും. എന്നെപ്പോലെ നിർഭാഗ്യവതിയല്ലായെങ്കിൽ ആദ്യ ശ്രമത്തിൽ തന്നെ നിങ്ങൾക്ക് മരിക്കാനാകും -കത്തിൽ പറയുന്നു.
എന്നെ ജില്ല ജഡ്ജിയും അദ്ദേഹത്തിന്‍റെ അസോസിയേറ്റ് ജഡ്ജിമാരും ലൈംഗികാതിക്രമത്തിനിരയാക്കി. രാത്രിയിൽ ചെന്ന് കാണാൻ ജില്ല ജഡ്ജിയിൽ നിന്ന് എനിക്ക് നിർദേശമുണ്ടായി. 2022ൽ ഇതിനെ കുറിച്ച് അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസിനും അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിനും പരാതി നൽകി. ഇന്നുവരെ ഒരു നടപടിയുമുണ്ടായില്ല. എന്താണ് സംഭവിച്ചതെന്ന് ഇതുവരെ ആരും എന്നോട് ചോദിക്കുക പോലും ചെയ്തിട്ടില്ല.
2023 ജൂലൈയിൽ ഹൈകോടതിയിലെ ആഭ്യന്തര പരാതിപരിഹാര സമിതിക്ക് പരാതി നൽകി. ആയിരക്കണക്കിന് മെയിലുകൾ അയച്ചിട്ട് ആറുമാസത്തിന് ശേഷം ഇപ്പോൾ അന്വേഷണം തുടങ്ങുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇപ്പോൾ പറഞ്ഞിരിക്കുന്ന അന്വേഷണം തന്നെ ഒരു പ്രഹസനമാണ്. അന്വേഷണത്തിലെ സാക്ഷികൾ പ്രതിയായ ജില്ല ജഡ്ജിയുടെ അടുത്ത സഹപ്രവർത്തകരാണ്. ജഡ്ജിനെതിരായി അവർ മൊഴി നൽകുമെന്നാണോ അന്വേഷണ സമിതി കരുതുന്നത്? അന്വേഷണം അവസാനിക്കും വരെ ജില്ല ജഡ്ജിയെ സ്ഥലം മാറ്റണം. ഈയൊരു കുറഞ്ഞ ആവശ്യം പോലും പരിഗണിക്കപ്പെട്ടില്ല. സുപ്രീംകോടതിയിൽ നിന്ന് ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ എന്‍റെ റിട്ട് പരാതി എട്ട് സെക്കൻഡിനുള്ളിൽ കോടതി തള്ളി. എന്‍റെ ജീവിതവും പദവിയും ആത്മാഭിമാനവുമാണ് അവിടെ റദ്ദാക്കപ്പെട്ടതെന്നാണ് തോന്നിയത്.
ആരോപണവിധേയനായ ജില്ല ജഡ്ജിയുടെ പൂർണ നിയന്ത്രണത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. അതിന്‍റെ ഫലമെന്താകുമെന്ന് എല്ലാവർക്കുമറിയാം. സ്വയം നീതി ലഭ്യമാക്കാനാകാതെ ഞാൻ എങ്ങനെ മറ്റുള്ളവർക്ക് നീതി നൽകും. എനിക്ക് ഇനി ജീവിക്കണമെന്ന് ആഗ്രഹമില്ല. കഴിഞ്ഞ ഒന്നരവർഷമായി ജീവച്ഛവമായാണ് ഞാൻ തള്ളിനീക്കുന്നത്. ജീവനും ആത്മാവുമില്ലാത്ത ഈ ശരീരവുമായി മുന്നോട്ടുപോകുന്നതിൽ അർഥമില്ല. ജീവിതം കൊണ്ട് ഞാൻ ഇനിയൊന്നും ഉദ്ദേശിക്കുന്നില്ല. എന്നെ ആത്മാഭിമാനത്തോടെ ജീവനൊടുക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിക്കുന്നു -അർപിത സാഹു സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെഴുതിയ തുറന്ന കത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.