Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഇനി ഞാൻ മൂപ്പരോട്...

‘ഇനി ഞാൻ മൂപ്പരോട് കൂർക്കം വലിയെക്കുറിച്ച് പറയണോ?’; യെച്ചൂരിക്കും എം.ഐ ഷാനവാസിനും ഒപ്പമുള്ള ട്രെയിൻ യാത്രാനുഭവം പങ്കു​വെച്ച് എസ്.എഫ്.ഐ നേതാവ്

text_fields
bookmark_border
‘ഇനി ഞാൻ മൂപ്പരോട് കൂർക്കം വലിയെക്കുറിച്ച് പറയണോ?’; യെച്ചൂരിക്കും എം.ഐ ഷാനവാസിനും ഒപ്പമുള്ള ട്രെയിൻ യാത്രാനുഭവം പങ്കു​വെച്ച് എസ്.എഫ്.ഐ നേതാവ്
cancel

അന്തരിച്ച സി.പി.എം ​ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും കോൺഗ്രസ് നേതാവ് എം.ഐ ഷാനവാസിനും ഒപ്പമുള്ള അവിസ്മരണീയ ട്രെയിൻ യാത്രാനുഭവം പങ്കുവെച്ച് എസ്.​എഫ്.ഐ ദേശീയ വൈസ് പ്രസിഡന്റും പല വേദികളിലും യെച്ചൂരിയുടെ പരിഭാഷകനുമായിരുന്ന നിതീഷ് നാരായണൻ. എം.പി ആയിരുന്നിട്ടും സീതാറാമിന്റെ സെക്കൻഡ് ക്ലാസ് എ.സി ബർത്ത് സാങ്കേതിക കാരണങ്ങളാൽ കൺഫേം ആയില്ലെന്നും ഒരു പരിഭവവും പറയാതെ ഫസ്റ്റ് ക്ലാസ് സ്ലീപ്പറിലായിരുന്നു ഞങ്ങളൊരുമിച്ചുള്ള ആദ്യ യാത്രയെന്നും നിതീഷ് ഫേസ്ബുക്കിൽ കുറിച്ചു. ഉടനെ എ.സിയിൽ ഒരു സീറ്റ് ഒഴിവുണ്ടെന്ന് പറഞ്ഞ് ടി.ടി.ഇ ഓടിവന്നു. അപ്പോൾ, ഞങ്ങൾ രണ്ടുപേരില്ലേയെന്നും ഒരാൾക്ക് മാത്രമായി ബർത്ത് വേണ്ടെന്നും ഞങ്ങൾ ഇവിടെ തന്നെ നിന്നോളാമെന്നും നല്ല കാലാവസ്ഥയാണെന്നുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പിറ്റേന്ന് രാത്രിയും ഞങ്ങൾ കഴിച്ചുകൂട്ടിയത് ട്രെയിനിലാണ്. തുടർച്ചയായ യാത്രയും പരിപാടികളും കാരണം ക്ഷീണിതനായ യെച്ചൂരി അന്ന് നേരത്തെ ഉറങ്ങി. വണ്ടി കോഴിക്കോടെത്തിയപ്പോൾ മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായിരുന്ന എം.ഐ ഷാനവാസ് ഞങ്ങളുടെ തൊട്ടടുത്ത ബർത്തിൽ വന്നു. നോക്കുമ്പോൾ ഒരാൾ അപ്പുറത്ത് നന്നായി കൂർക്കം വലിച്ചുറങ്ങുന്നു. അടുത്തിരുന്ന ഞാൻ കൂടെയുള്ളയാളാണെന്ന് ചോദിച്ചറിഞ്ഞ ശേഷം എനിക്ക് ഒന്നുറങ്ങണമെന്നും അദ്ദേഹത്തോട് കൂർക്കം വലിക്കാതിരിക്കാൻ ഒന്ന് പറയാമോ എന്നും വളരെ സൗമ്യമായി ചോദിച്ചു.

ഇതോടെ കുടുങ്ങിയ ഞാൻ, ഉറങ്ങുന്ന ആളെ മനസ്സിലായിരുന്നോ എന്ന് അദ്ദേഹത്തോട് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ അത് സീതാറാം യെച്ചൂരിയാണെന്ന് അറിയിച്ചു. ‘അയ്യോ, സോറി. ഞാൻ ശ്രദ്ധിച്ചില്ല’ എന്നായിരുന്നു മറുപടി. ഇനി ഞാൻ മൂപ്പരോട് കൂർക്കം വലിയെക്കുറിച്ച് പറയണോ എന്ന് ചോദിച്ചപ്പോൾ ‘നോ നോ. അദ്ദേഹത്തെ ഉണർത്തേണ്ട. ഹീ ഈസ് എ സീനിയർ മോസ്റ്റ് ലീഡർ ഓഫ് ഇന്ത്യ. എനിക്ക് പ്രയാസമില്ല’ എന്നും പറഞ്ഞു.

ഇന്ന് സീതാറാമിനെ അവസാനമായി കാണാൻ എ.കെ.ജി ഭവനിലേക്കെത്തിയ ഇന്ത്യൻ രാഷ്ട്രീയത്തിലെ നേതൃനിരയാണ് ബഹുമാന്യനായ ഷാനവാസ് എന്തുകൊണ്ട് അന്ന് അങ്ങനെ പറഞ്ഞുവെന്നതിന്റെ ഉത്തരമെന്നും കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

സഖാവ് സീതാറാം ഞങ്ങളിൽ നിന്നും മടങ്ങി. അപ്പോഴും, അനേകം വൈദ്യശാസ്ത്ര വിദ്യാർഥികൾക്ക് പഠിക്കാനുള്ള ശരീരമായി ആ പോരാളി ഇനിയും ബാക്കിയാകും. ഞങ്ങൾ, അദ്ദേഹത്തിന്റെ സഖാക്കളുമായി ഇനിയൊരു കൂടിക്കാഴ്ചയില്ല.

ചെങ്കൊടിയെക്കുറിച്ച് അറിഞ്ഞ കാലം മുതൽ കേട്ടുവളർന്ന പേരാണ്. കാണുമെന്ന്, ഒന്നിച്ച് യാത്ര ചെയ്യുമെന്ന്, ഒരു കാലത്ത് അദ്ദേഹം നടന്ന വഴികളിലൂടെ നടക്കാൻ നിയോഗിക്കപ്പെടുമെന്ന് കരുതിയതേയല്ല. അതെല്ലാം സംഭവിച്ചു. ഒടുവിൽ അദ്ദേഹത്തിന്റെ ശവമഞ്ചം ഏറ്റുവാങ്ങിയവരിൽ ഒരാളായി അവസാനയാത്രയിൽ പങ്കുചേർന്ന് തിരിച്ചെത്തിയിരിക്കുന്നു.

ഇനി സീതാറാം ഇല്ല. അടുത്തുണ്ടായിരുന്നപ്പോൾ ഇത്രമേൽ ഊഷ്മളത പകർന്നവരും ഏറെയില്ല. തൊട്ടടുത്തുണ്ടായിരുന്നൊരാൾ പൊടുന്നനെ മാഞ്ഞുപോയതു പോലെ. ആദ്യമായ് കാണുകയായിരുന്ന ഒരു ഇരുപതുകാരന്റെ ഭയാശങ്കകളെ നിമിഷനേരം കൊണ്ട് മായ്ച്ചുകളഞ്ഞ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവിനെ ഇന്നലെയെന്നപോലെ ഓർമയുണ്ട്. അതായിരുന്നു ഒന്നിച്ചുള്ള ആദ്യത്തെ യാത്ര.

എം.പി ആയിരുന്നിട്ടും അന്ന് സീതാറാമിന്റെ സെക്കൻഡ് ക്ലാസ് എ.സി ബർത്ത് എന്തോ സാങ്കേതിക കാരണങ്ങളാൽ കൺഫേം ആയി കിട്ടിയില്ല. ഒരു പരിഭവവും പറഞ്ഞില്ല. ഞങ്ങൾ ഫസ്റ്റ് ക്ലാസ് സ്ലീപ്പറിൽ യാത്രയാരംഭിച്ചു. ഉടനെ എ.സിയിൽ ഒരു സീറ്റ് ഒഴിവുണ്ടെന്ന് പറഞ്ഞ് ടി.ടി.ഇ ഓടിവന്നു.

"ഞങ്ങൾ രണ്ടുപേരില്ലേ. ഒരാൾക്ക് മാത്രമായി ബർത്ത് വേണ്ട. ഞങ്ങൾ ഇവിടെ തന്നെ നിന്നോളാം. നല്ല കാലാവസ്ഥയുമാണ്." ഇതായിരുന്നു മറുപടി. സീതാറാം അങ്ങനെയുമായിരുന്നു. ഉറങ്ങുന്നതിന് മുൻപ് ട്രെയിനിലിരുന്ന് സീതാറാം ദീർഘനേരം വായിച്ചു. ഞാൻ അതും നോക്കിയിരുന്നു. ഇടക്ക് കൈയ്യിൽ കരുതിയിരുന്ന കാമറയിൽ അത് പകർത്തുകയും ചെയ്തു.

പിറ്റേന്ന് രാത്രിയും ഞങ്ങൾ കഴിച്ചുകൂട്ടിയത് ട്രയിനിലാണ്. തുടർച്ചയായ യാത്രയും പരിപാടികളും കാരണം ക്ഷീണിതനായ യെച്ചൂരി അന്ന് നേരത്തേയുറങ്ങി. വണ്ടി കോഴിക്കോടെത്തിയപ്പോൾ മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായിരുന്ന എം.ഐ ഷാനവാസ് ഞങ്ങളുടെ തൊട്ടടുത്ത ബർത്തിൽ വന്നു. നോക്കുമ്പോൾ ഒരാൾ അപ്പുറത്ത് നന്നായി കൂർക്കം വലിച്ചുറങ്ങുന്നു. അടുത്തിരുന്ന ഞാൻ കൂടെയുള്ളയാളാണെന്ന് ചോദിച്ചറിഞ്ഞ ശേഷം എനിക്ക് ഒന്നുറങ്ങണമെന്നും അദ്ദേഹത്തോട് കൂർക്കം വലിക്കാതിരിക്കാൻ ഒന്ന് പറയാമോ എന്നും വളരെ സൗമ്യമായി ചോദിച്ചു.

ഞാൻ കുടുങ്ങി. ഉറങ്ങുന്ന ആളെ മനസ്സിലായിരുന്നോ എന്ന് അദ്ദേഹത്തോട് ചോദിച്ചു. ഇല്ല എന്ന് മറുപടി. അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല.

"അത് സീതാറാം യെച്ചൂരിയാണ്. "

"അയ്യോ, സോറി. ഞാൻ ശ്രദ്ധിച്ചില്ല"

"ഇനി ഞാൻ മൂപ്പരോട് കൂർക്കം വലിയെക്കുറിച്ച് പറയണോ?'' ഞാൻ ചോദിച്ചു.

"നോ നോ. അദ്ദേഹത്തെ ഉണർത്തേണ്ട. ഹീ ഈസ് എ സീനിയർ മോസ്റ്റ് ലീഡർ ഓഫ് ഇന്ത്യ. എനിക്ക് പ്രയാസമില്ല."

ഇന്ന് സീതാറാമിനെ അവസാനമായി കാണാൻ എ.കെ.ജി ഭവനിലേക്കെത്തിയ ഇന്ത്യൻ രാഷ്ട്രീയത്തിലെ നേതൃനിരയാണ് ബഹുമാന്യനായ ഷാനവാസ് എന്തുകൊണ്ട് അന്ന് അങ്ങനെ പറഞ്ഞുവെന്നതിന്റെ ഉത്തരം. കടുത്ത രാഷ്ട്രീയ എതിരാളികളുടെ പോലും ബഹുമാനം ഏറ്റുവാങ്ങിയ നേതാവെന്ന് സീതാറാമിനെക്കുറിച്ചുള്ള സഖാവ് പിണറായിയുടെ വിശേഷണം എൻ്റെയും നേരനുഭവമാണ്.

പിന്നീട് വല്ലപ്പോഴുമൊക്കെ ഞാൻ സീതാറാമിന് മെയിൽ അയക്കുമായിരുന്നു. കാര്യമായൊന്നുമുണ്ടാകില്ല. എന്തെങ്കിലും ചെറിയ വിശേഷങ്ങൾ, വാർത്തകൾ. അദ്ദേഹത്തിന് അവഗണിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, കൃത്യമായി സീതാറാമിൻ്റെ മറുപടി വരും. യാത്രയിലാണെങ്കിൽ താൻ എവിടെയാണെന്ന് പറയും. ഒരിക്കൽ എഴുതിയത് ഏഥൻസിൽനിന്ന്. കമ്യൂണിസ്റ്റ് പാർട്ടികളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു സഖാവ്.

എസ്.എഫ്.ഐ സംഘടനാപരമായി അങ്ങേയറ്റം ക്ഷീണിച്ചിരുന്ന കാലത്താണ് ഞങ്ങൾ ജെ.എൻ.യുവിലെത്തുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു പൊതുയോഗത്തിൽ പങ്കെടുക്കാൻ സീതാറാം വന്നു. രാജ്യം നേരിടുന്ന ഹിന്ദുത്വയുടെ വെല്ലുവിളിയെ മനസ്സിലാക്കി ഒരു മതനിരപേക്ഷ സ്ഥാനാർഥി രാഷ്ട്രപതിയായി വരണം എന്ന ആലോചനയുടെ ഭാഗമായി പ്രണബ് മുഖർജിയെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പിന്തുണക്കാൻ സി.പി.ഐ.എം തീരുമാനിച്ച സമയം. അതിന്റെ പേരിൽ ചിലർ എസ്.എഫ്.ഐയെ പിളർത്തി. എസ്.എഫ്.ഐ വിട്ടവർ പുതിയ സംഘടനയുണ്ടാക്കി. ജെ.എൻ.യുവിലെ എസ്.എഫ്.ഐ പ്രവർത്തകരുടെ എണ്ണം വിരലിലെണ്ണാവുന്നത്രയും മാത്രമായി. അപ്പോഴാണ് സീതാറാമിന്റെ വരവ്. പതിവുപോലെ രാത്രി ഭക്ഷണം കഴിഞ്ഞ ശേഷം ഒരു ഹോസ്റ്റൽ മെസ്സിലാണ് പരിപാടി. വിദ്യാർഥികൾ തടിച്ചുകൂടി. വിവിധ സംഘടനകളുടെ പ്രവർത്തകർ, അതിൽ ഭൂരിപക്ഷവും പല പല ഇടത് സംഘടനകളിൽ നിന്നുള്ളവർ, സി.പി.ഐ.എമ്മിനെതിരായ ചോദ്യശരങ്ങളുമായി യെച്ചൂരിയെ പൊതിഞ്ഞു. ഒട്ടും പ്രകോപിതനാകാതെ, ഒരു ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറാതെ അന്ന് യെച്ചൂരി ആ സംവാദത്തെ കൈകാര്യം ചെയ്ത രീതിയുണ്ട്. ചോദ്യത്തിൻ്റെ മർമത്തിൽ തന്നെ തൊട്ടും, ചിലപ്പോൾ ചില തമാശകൾ പറഞ്ഞും, വസ്തുതകൾ നിരത്തിയും, സിദ്ധാന്തം വിശദീകരിച്ചും, ചരിത്രം ഓർമിപ്പിച്ചുമൊക്കെ യെച്ചൂരിയുടെ ഓരോ മറുപടിയും ഓരോ ക്ലാസ് ആയി മാറി.

പിന്നീടെത്രയോ തവണ അദ്ദേഹത്തെ ജെ.എൻ.യുവിൽ കേട്ടു. ജെ.എൻ.യുവിൽ ഏറ്റവും കൂടുതൽ പേർ കേൾക്കാനെത്തുന്ന പ്രാസംഗികരിലൊരാൾ സീതാറാമായിരുന്നു. പ്രസംഗിക്കാൻ മാത്രമല്ല, പ്രക്ഷോഭങ്ങൾക്കും അദ്ദേഹം എത്തി.

ഓരോ തവണയും ജെ.എൻ.യുവിന്റെ ഭൂതകാലത്തേക്ക് അദ്ദേഹം ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. ഓരോ തവണ പൊലീസ് പിടിച്ചുകൊണ്ട് പോകുമ്പോഴും ഞങ്ങളെ മോചിപ്പിക്കാൻ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തി.

ഞങ്ങളാരേക്കാളും കൂടുതൽ ജെ.എൻ.യുവിനെ ഹൃദയത്തിൽ കൊണ്ടു നടന്നയാളായിരുന്നു സഖാവ് സീതാറാം യെച്ചൂരി. ജെ.എൻ.യുവിൻ്റെ ഏറ്റവും ഏറ്റവും പ്രിയപ്പെട്ട ആ വിദ്യാർഥി നേതാവിൻ്റെ അവസാനയാത്ര അദ്ദേഹത്തെ രൂപപ്പെടുത്തിയ ആ കാമ്പസിൽ കയറാതെ പൂർണമാകുമായിരുന്നില്ല. അതാണ് "ഇത് സീതാറാമിൻ്റെ ജെ.എൻ.യു" എന്ന് ആർത്തലക്കുന്ന മുദ്രാവാക്യങ്ങൾക്ക് നടുവിൽ ശാന്തനായുറങ്ങുന്ന ആ പ്രക്ഷോഭകാരിയുടെ ദൃശ്യത്തിലൂടെ ഇന്നലെ നമ്മൾ കണ്ടത്!

എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റിയുടെ മുഖമാസിക സ്റ്റുഡൻ്റ് സ്ട്രഗിളിൻ്റെ എഡിറ്ററായി ചുമതലയേൽക്കുമ്പോൾ സീതാറാമായിരുന്നു എനിക്ക് മാതൃകയായുണ്ടായിരുന്നത്. എൺപതുകളുടെ ആദ്യ പകുതിയിൽ അദ്ദേഹം എഡിറ്ററായിരുന്ന കാലത്തെ മാഗസിൻ കോപ്പികൾ ഓരോന്നോരോന്നും എടുത്തു നോക്കി. അതിൻ്റെ ഉള്ളടക്കത്തെക്കുറിച്ച്, കലാപരമായ മികവിനെക്കുറിച്ച്, വിഷയ വൈവിധ്യങ്ങളെക്കുറിച്ച് ഓരോ തവണയും അദ്ഭുതം കൂറി. ഒരു കാലഘട്ടത്തെ അതിൽ കണ്ടു. തീക്ഷ്ണതയാൽ, ബോധ്യങ്ങളാൽ, സർഗാത്മകതയാൽ, സാർവദേശീയതയാൽ ആ കാലം ഞങ്ങളെ കൊതിപ്പിച്ചു. സീതാറാമിൻ്റെ യൗവനവും.

ഒരിക്കൽ സംസാരിക്കുമ്പോൾ രക്തസാക്ഷി സഫ്ദർ ഹാഷ്മിയെക്കുറിച്ച് വാചാലനായത് ഓർക്കുന്നു. സ്റ്റുഡൻ്റ് സ്ട്രഗിൾ തയാറാക്കുന്നതിൽ സഫ്ദർ വഹിച്ച നേതൃപരമായ പങ്കിനെക്കുറിച്ച്, അക്കാലത്ത് സഫ്ദറിന്റെ സമയം തനിക്ക് കിട്ടാത്തതിൽ സഖാവ് മാല പരാതി പറയുന്നതിനെക്കുറിച്ച്, ഒടുവിൽ അവർ കണ്ടുപിരിഞ്ഞതിനെക്കുറിച്ച്, മോസ്കോയിലിരിക്കുമ്പോൾ തൻ്റെ പ്രിയസഖാവ് കൊല്ലപ്പെട്ടിരിക്കുന്നുവെന്ന വാർത്ത കേൾക്കേണ്ടി വന്നതിനെക്കുറിച്ച്...

ഞങ്ങളുടെ കാലത്താണ് സ്റ്റുഡൻ്റ് സ്ട്രഗിൾ ഓൺലൈൻ എഡിഷൻ തയാറാക്കിയത്. അത് ഉദ്ഘാടനം ചെയ്യാൻ മറ്റൊരാളെ ആലോചിക്കാനാകുമായിരുന്നില്ല.

സീതാറാമിൻ്റെ പ്രസംഗങ്ങളുടെ പരിഭാഷകനായി അദ്ദേഹത്തിനൊപ്പം അടുത്ത കാലത്ത് പലതവണ യാത്ര ചെയ്തു. ഓരോ തവണയും ദീർഘമായി സംസാരിച്ച് ഞാൻ നിന്നെ ബുദ്ധിമുട്ടിക്കുന്നില്ലല്ലോ എന്ന് ചോദിക്കും. പ്രസംഗത്തിൻ്റെ ഒടുവിൽ പരിഭാഷകന് നന്ദി പറയും. ഞാനുൾപ്പടെ സീതാറാമിൻ്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ എല്ലാവരുടെയും അനുഭവം.

ഇത്രമേൽ ആസ്വദിച്ച വേദികൾ വേറെയുണ്ടായിരുന്നോ? സീതാറാമിൻ്റെ പരിഭാഷകനാകാൻ കഴിഞ്ഞത് ഭാഗ്യമാണ്. ചരിത്രവും സിനിമയും തമാശയും ആവേശവും ആർജ്ജവവും ഒക്കെ നിറഞ്ഞ ഒരു ഒഴുക്കായിരുന്നു ആ പ്രസംഗങ്ങൾ. ആ ഒഴുക്കിലേക്കിറങ്ങാൻ അദ്ദേഹം ധൈര്യം തരും. ഇനി ആ വേദികൾ എനിക്കില്ല. ആ നഷ്ടം നികത്താനുമാകില്ല.

സഖാവ്,

സുന്ദരയ്യയുടെ

ഇ.എം.എസിൻ്റെ

ജ്യോതി ബസുവിൻ്റെ

ബസവ പുന്നയ്യയുടെ

സുർജിത്തിൻ്റെ

ഫിദൽ കാസ്ട്രോയുടെ

സഫ്ദർ ഹാഷ്മിയുടെ

പലസ്തീൻ്റെ

ക്യൂബയുടെ

മതനിരപേക്ഷതയുടെ

വർഗസമരത്തിൻ്റെ

നമ്മുടെ കാലത്തിൻ്റെ....!

വിട!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sitaram YechurySFIMI Shanavas
News Summary - SFI leader shares his train journey experience with Yechury and MI Shanavas
Next Story