അക്രമം നടത്തിയിട്ടില്ല; ചാൻസലർക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് എസ്.എഫ്.ഐ
text_fieldsതിരുവനന്തപുരം: സർവകലാശാലകളുടെ സെനറ്റിലേക്ക് ആർ.എസ്.എസ് ഓഫിസിൽ നിന്ന് നൽകിയ പട്ടിക പ്രകാരം ആളുകളെ നാമനിർദേശം ചെയ്യുന്ന ചാൻസലർ കൂടിയായ ഗവർണർക്കെതിരെ സമരം ശക്തമായി മുന്നോട്ടുപോകുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. സർവകലാശാലകളുടെ കാവിവത്കരണത്തിനെതിരെയാണ് സമരമെന്നും ആർഷോ വ്യക്തമാക്കി.
യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഗവർണർ സംഘ്പരിവാറുകാരെ സർവകലാശാല സെനറ്റുകളിലേക്ക് നാമനിർദേശം ചെയ്യുന്നത്. വരും ദിവസങ്ങളിൽ ഇതിനെതിരായ സമരം കാമ്പസുകളിലേക്കും വ്യാപിപ്പിക്കും. ചാൻസലർക്ക് കേരളത്തിലെ ഒരു കാമ്പസിലും പ്രവേശിക്കാൻ സാധിക്കാത്ത വിധത്തിൽ സമരം സംഘടിപ്പിക്കും.
കഴിഞ്ഞ ദിവസം യാതൊരു അക്രമപ്രവർത്തനങ്ങളും എസ്.എഫ്.ഐയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വഴിയരികിൽ നിന്ന് കരിങ്കൊടി കാണിക്കുക മാത്രമാണ് ചെയ്തത്. കരിങ്കൊടി കാണിക്കൽ ജനാധിപത്യ സമരമാർഗമാണ്. ഗവർണറുടെ വാഹനം എസ്.എഫ്.ഐ തടഞ്ഞുനിർത്തിയിട്ടില്ല. ഗവർണർ തന്നെയാണ് വാഹനം നിർത്തിച്ച് പ്രോട്ടോക്കോൾ ലംഘിച്ച് പുറത്തിറങ്ങിയത്.
കരിങ്കൊടി പ്രതിഷേധമുൾപ്പെടെ വരുംദിവസങ്ങളിൽ ശക്തമാക്കും. അതേസമയം, എസ്.എഫ്.ഐ അക്രമപ്രവർത്തനം നടത്തുന്നുവെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. അത് ശരിയല്ല. ചാൻസലർ ഇട്ടുകൊടുക്കുന്ന അപ്പക്കഷണം ഭക്ഷിച്ച് അദ്ദേഹത്തിനും ആർ.എസ്.എസിനും പാദസേവ ചെയ്യുന്ന നിലപാടാണ് കോൺഗ്രസിനെന്നും ആർഷോ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.