‘ഭീകര പ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്കും സി.എം.ആർ.എൽ പണം നൽകി’; ഗുരുതര ആരോപണവുമായി എസ്.എഫ്.ഐ.ഒ
text_fieldsന്യൂഡൽഹി: ഭീകര പ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്കും സി.എം.ആർ.എൽ പണം നൽകിയോ എന്ന് സംശയിക്കുന്നതായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) ഡൽഹി ഹൈകോടതിയിൽ പറഞ്ഞു. ഉന്നത രാഷ്ട്രീയ നേതാവിന് കൈക്കൂലി കിട്ടിയോ എന്ന കാര്യവും പരിശോധിക്കുകയാണെന്ന് എസ്.എഫ്.ഐ.ഒ കോടതിയിൽ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് തീവ്രവാദ ബന്ധം ആരോപിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
സി.എം.ആർ.എൽ നൽകിയ ഹരജി പരിഗണിക്കവെയാണ് എസ്.എഫ്.ഐ.ഒക്ക് വേണ്ടി ഹാജരായ കേന്ദ്രസർക്കാറിന്‍റെ അഭിഭാഷകൻ കോടതിയിൽ ആരോപണമുന്നയിച്ചത്. സി.എം.ആർ.എലിൽനിന്ന് ആർക്കൊക്കെ പണം ലഭിച്ചുവെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണമാണ് നടത്തിയതെന്ന് എസ്.എഫ്.ഐ.ഒ അവകാശപ്പെട്ടു. രാഷട്രീയ നേതാക്കൾക്കു പുറമെ മാധ്യമ സ്ഥാപനങ്ങൾക്കും ഭീകര സംഘടനകളുമായി ബന്ധമുള്ള ചിലർക്കും സി.എം.ആർ.എൽ പണം നൽകിയെന്ന് എസ്.എഫ്.ഐ.ഒ പറയുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അഭിഭാഷകൻ വ്യക്തമാക്കി.
എക്സാലോജികിന് സി.എം.ആർ.എൽ പണം നൽകിയതുമായി ബന്ധപ്പെട്ട അന്വേഷണം അവസാന ഘട്ടത്തിലാണെന്നു പറഞ്ഞ അഭിഭാഷകൻ, ഈ റിപ്പോർട്ടിന്‍റെ പ്രസക്ത ഭാഗങ്ങൾ കോടതിയിൽ വായിക്കുകയും ചെയ്തു. പ്രമുഖ രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാൻ വേണ്ടിയാണ് പണം നൽകിയതെന്ന രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ ഈ നേതാവ് ആരാണെന്ന കാര്യം എസ്.എഫ്.ഐ.ഒ ഇന്ന് വ്യക്തമാക്കിയിട്ടില്ല. 23ന് കേസിൽ തുടർവാദം നടക്കും.
എക്സാലോജിക്കുമായി ബന്ധപ്പെട്ട് സി.എം.ആർ.എലിൻ്റെ കേസ് ഡൽഹി ഹൈകോടതിയിൽ നടക്കുന്നുണ്ട്. എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടാണ് സി.എം.ആർ.എൽ കേസ് നൽകിയത്. ഈ കേസിൻ്റെ വാദത്തിനിടയിലാണ് ഗുരുതര ആരോപണം എസ്.എഫ്.ഐ.ഒയുടെ അഭിഭാഷകൻ ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി. വീണ ഉൾപ്പെട്ട കമ്പനിയാണ് എക്സാലോജിക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.