ന്യൂനപക്ഷ സ്കോളർഷിപ്പുകൾ പുനരാരംഭിക്കണമെന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി
text_fieldsഅമൃത്സർ: ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ്പുകൾ പുനരാരംഭിക്കണമെന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) തലവൻ ഹർജിന്ദർ സിങ് ധാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.
കാലങ്ങളായി വിതരണം ചെയ്യുന്ന സ്കോളർഷിപ്പുകൾ റദ്ദാക്കിയത് നിരവധി വിദ്യാർഥികളെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൗലാന ആസാദ് ദേശീയ സ്കോളർഷിപ്പും പ്രീ മെട്രിക് സ്കോളർഷിപ്പും കഴിഞ്ഞ വർഷം മുതൽ നിർത്തിയിരുന്നു. ന്യൂനപക്ഷ വിദ്യാർഥികൾക്ക് പഠനത്തിനും ഗവേഷണത്തിനുമുള്ള സ്കോളർഷിപ്പ് നിഷേധിക്കുന്നത് നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പദ്ധതികൾ രാജ്യപുരോഗതിക്ക് ഏറെ പ്രയോജനപ്രദമായെന്ന് തെളിയിച്ചിട്ടുണ്ട്.
എന്നാൽ, ബോധപൂർവം ന്യൂനപക്ഷങ്ങളെ അവഗണിക്കുന്നത് രാജ്യതാൽപര്യത്തിന് നല്ലതല്ല. ന്യൂനപക്ഷങ്ങൾക്കെതിരെ നയങ്ങൾ ഇതുപോലെ തുടരുകയാണെങ്കിൽ സർക്കാറിനോട് നിസ്സംഗതയും അവിശ്വാസവും സൃഷ്ടിക്കുമെന്നും എസ്.ജി.പി.സി തലവൻ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.