ജാമിയ പള്ളിയിൽ പ്രാർഥന നിരോധിച്ച് സർക്കാർ; കശ്മീർ താഴ്വരയിൽ 'ബറാത്ത്' ആചരിച്ച് ഭക്തർ
text_fieldsകശ്മീർ: കശ്മീരിലെ ചരിത്ര പ്രസിദ്ധ ജാമിയ പള്ളിയിൽ പ്രാർഥന നിരോധിച്ചതിനെ തുടർന്ന് കശ്മീർ താഴ്വരയിൽ 'ബറാത്ത്' ആചരിച്ച് മുസ്ലിം മത വിശ്വാസികൾ. 'ശാബ്-ഇ-ബറാത്ത്' ആചരിക്കാനോ അന്നേ ദിവസം പ്രാർഥിക്കാനോ പള്ളിയിൽ അനുവാദം നൽകില്ലെന്ന് മജിസ്ട്രേറ്റും പൊലീസ് ഉദ്യോഗസ്ഥരും അറിയിച്ചതായി അൻജുമം ഔഖാഫ് ജമാ മസ്ജിദിലെ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ബറാത്തിന്‍റെ ദിവസം പള്ളി അടച്ചിടുകയായിരുന്നെന്നും അവർ ചൂണ്ടിക്കാട്ടി.
സ്ഥലത്തെ മുസ്ലിം പള്ളികളിലും ആരാധനാലയങ്ങളിലും പ്രാർഥിക്കാനും ഖുർആൻ പാരായണം ചെയ്യാനുമായി നിരവധി വിശ്വാസികളാണ് തിങ്ങിക്കൂടിയത്. അതേസമയം, 'ബറാത്ത് രാത്രി'യുടെ പ്രാധാന്യത്തെ കുറിച്ചും ഇസ്ലാമിൽ ഈ ദിവസത്തിനുള്ള പ്രത്യേകതയെ കുറിച്ചും പണ്ഡിതന്മാർ ക്ലാസുകൾ നടത്തി.
'അശാക്തീകരണത്തിന്റെയും നിരാശയുടെയും ബോധം വളർത്താൻ കേന്ദ്രം മതത്തിലേക്കുള്ള വാതിലുകൾ മനഃപൂർവം അടക്കുകയാണ്. സാധ്യമായ എല്ലാ വിധത്തിലും കശ്മീരികളെ ഉപരോധിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ഏക ആശ്വാസം മതമാണ്. കേന്ദ്ര സർക്കാർ ബോധപൂർവം അതിനുള്ള വാതിലുകൾ അടക്കുകയാണ്. ക്രൂരതയാണ് അവർ ചെയ്യുന്നത്' -പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി പറഞ്ഞു.
ഇസ്‌ലാമിക കലണ്ടറിലെ എട്ടാം മാസമായ ശഅബാനിലെ 14, 15 തീയതികൾക്കിടയിലെ രാത്രിയിലാണ് മുസ്‌ലിംകൾ ബറാത്ത് ആചരിക്കുന്നത്. അനുഗ്രഹീത രാത്രി, മോചന രാത്രി, പുണ്യ രാത്രി, കാരുണ്യം വർഷിക്കുന്ന രാത്രി എന്നീ പേരുകളിലും ബറാത്ത് രാത്രിയെ വിശേഷിപ്പിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.