ശാഫി സഅദി കർണാടക വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു
text_fieldsബംഗളൂരു: കർണാടക വഖഫ് ബോർഡ് ചെയർമാൻ എൻ.കെ.എം ശാഫി സഅദി രാജിവെച്ചു. വഖഫ് ബോർഡ് ചെയർമാനായിരുന്ന ഡോ. മുഹമ്മദ് യൂസുഫിന്റെ നിര്യാണത്തെ തുടർന്നാണ് ഒന്നര വർഷം മുമ്പ് തെരഞ്ഞെടുപ്പിലൂടെ ശാഫി സഅദി വഖഫ് ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. കാലാവധി അവസാനിച്ചതിനെ തുടർന്നാണ് രാജിവെച്ചതെന്നാണ് സൂചന.
അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പ് വരെ ഇദ്ദേഹം ഇടക്കാല പ്രസിഡന്റായി തുടരും. മുട്ടല വഖഫ് ഡിവിഷനിൽ നിന്നുള്ള ബോർഡ് അംഗമായ അൻവർ ചിത്രദുർഗയും ബാർ കൗൺസിൽ പ്രതിനിധി അഡ്വ. റിയാസ് ഖാനും ധാരണ പ്രകാരം അടുത്ത തെരഞ്ഞെടുപ്പിൽ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാനാണ് സാധ്യത.
ബി.ജെ.പിയുടെ പിന്തുണയോടെയാണ് സഅദി വഖഫ് ബോർഡ് പ്രസിഡൻറായത്. ഇക്കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയതോടെ ഉപമുഖ്യമന്ത്രി പദവിയും സുപ്രധാന മന്ത്രിസ്ഥാനങ്ങളും മുസ്‍ലിംകൾക്ക് നൽകണമെന്ന് ഷാഫി സഅദി ആവശ്യപ്പെട്ടിരുന്നു. ഏറെ വിവാദമായ ഈ പ്രസ്താവനക്ക് പിന്നാലെ കോൺഗ്രസ് സർക്കാർ ഇദ്ദേഹത്തെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും പിന്നീട് ഉത്തരവ് റദ്ദാക്കി. സമസ്ത കാന്തപുരം വിഭാഗം നേതാവായ ശാഫി സഅദിയുടേതടക്കം നാലുപേരുടെ നാമനിർദേശമാണ് കോൺഗ്രസ് സർക്കാർ റദ്ദാക്കിയിരുന്നത്. മിർ അസ്ഹർ ഹുസൈൻ, ജി. യാക്കൂബ്, ഐ.എ.എസ് ഓഫിസറായ സെഹെറ നസീം എന്നീ വഖഫ് ബോർഡ് അംഗങ്ങൾക്കും സ്ഥാനം നഷ്ടപ്പെട്ടിരുന്നു. എന്നാൽ, കടുത്ത സമ്മർദങ്ങൾക്കൊടുവിൽ തീരുമാനം പിൻവലിക്കുകയായിരുന്നു.
2021 നവംബർ 17നാണ് വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കർണാടക മുസ്‍ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയായ ഷാഫി സഅദി വിജയിച്ചത്. ബി.ജെ.പിയുടെ പിന്തുണയുള്ള സ്ഥാനാർഥിയായിരുന്നു അദ്ദേഹം. 'മുസ്‍ലിംകൾക്കും തങ്ങൾക്കുമിടയിലെ വിടവ് നികത്തുന്ന പാലമാണ് ഷാഫി സഅദി' എന്നാണ് നിയമമന്ത്രി ജെ.സി. മധുസ്വാമി അന്ന് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ ജയം ബി.ജെ.പിയുടെ നേട്ടമായി മുസ്റെ വകുപ്പ് മന്ത്രി ശശികല ജോലെയും വിശേഷിപ്പിച്ചിരുന്നു.
2010ലും 2016ലും എസ്.എസ്.എഫ് കർണാടക സ്റ്റേറ്റ് പ്രസിഡന്റായി പ്രവർത്തിച്ച ഷാഫി സഅദി, ഉത്തര കർണാടകയിൽ എസ്.എസ്.എഫുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അൽ ഇഹ്‌സാൻ വിദ്യാഭ്യാസ സമുച്ഛയത്തിന്റെ മുഖ്യ സംഘാടകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.