സംഘടിത സൈബർ ആക്രമണം ദേശസുരക്ഷക്ക് ഭീഷണി; പ്രത്യേക സമിതി രൂപീകരിക്കാൻ നിർദേശം നൽകി അമിത് ഷാ
text_fieldsജയ്പൂർ: സംഘടിതവും ഏകോപിതവുമായ സൈബർ ആക്രമണങ്ങൾ ദേശസുരക്ഷക്ക് ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഘടിതമായ സൈബർ ആക്രമണങ്ങളെ നേരിടാൻ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിക്കാനും ഇതു തടയാനുള്ള തന്ത്രം മെനയാനും അമിത് ഷാ നിർദേശം നൽകുകയും ചെയ്തു.
ജയ്പൂരിൽ നടന്ന നോർത്തേൺ സോണൽ കൗൺസിലിലാണ് തീരുമാനം. യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രിമാരും ലെഫ്റ്റനന്റ് ഗവർണർമാരും സൈബർ കുറ്റകൃത്യങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുകയും അവ നേരിടാൻ ഫലപ്രദമായ തന്ത്രം മെനയേണ്ടതിന്റെ ആവശ്യകത അറിയിക്കുകയും ചെയ്തിരുന്നു.
ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി, ഛണ്ഡീഗഢ് എന്നിവയാണ് കൗൺസിലിൽ ഉൾപ്പെടുന്നവ. ഒന്നോ അതിൽ അധികമോ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കേന്ദ്രവും സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതായിരുന്നു കൗൺസിൽ.
സംഘടിതമായ സൈബർ ആക്രമണങ്ങൾ ദേശസുരക്ഷ, പൊതുസംവിധാനം, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കും. ദേശീയ സൈബറിടത്തിന്റെ സുരക്ഷയും സിവിൽ സുരക്ഷയും ഉറപ്പാക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്ര സംസ്ഥാന സുരക്ഷ ഏജൻസികൾ തമ്മിലുള്ള മികച്ച ഏകോപനത്തിലൂടെ വിവിധ ഹോട്ട്സ്പോട്ടുകളിലെ സൈബർ കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. കൂടാതെ വിവിധ മാധ്യമങ്ങളിലൂടെ സൈബർ ജാഗ്രതയെക്കുറിച്ച് ബോധവൽക്കരണ കാമ്പയിനുകൾ നടത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകുകയും ചെയ്തു.
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വികസിപ്പിച്ച പൊതു സോഫ്റ്റ്വെയർ ഉപയോഗിക്കാനും പ്രശ്നങ്ങൾ കണ്ടെത്തി അവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഒരുമിച്ച് പ്രവർത്തിക്കാനും ആഭ്യന്തരമന്ത്രി നിർദേശം നൽകി.
സൈബർ ആക്രമണങ്ങളെ നേരിടാൻ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിക്കും. പൊലീസ്, പബ്ലിക് പ്രോസിക്യൂട്ടർമാർ, ടെലികോം കമ്പനികൾ, പി.ഒ.എസ് ഏജന്റുമാർ എന്നിവരെ പുതിയ സാങ്കേതിക വിദ്യയും നൂതന വൈദഗ്ധ്യവും പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ ഉന്നയിച്ചു. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ഐ.ടി സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
30ാമത് കൗൺസിൽ യോഗത്തിൽ 47 വിഷയങ്ങൾ ചർച്ചചെയ്തു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂർ, ഡൽഹി ഗവർണർ വിനയ് റായ് സക്സേന, ലഡാക് ഗവർണർ രാധാകൃഷ്ണ മാതുർ, ഛണ്ഡീഗഢ് അഡ്മിനിസ്ട്രേറ്റർ ബൻവാരിലാൽ പുരോഹിത് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.