'താജ്മഹൽ ഷാജഹാൻ നിർമിച്ചതല്ല, ചരിത്രം തിരുത്തണം'; ഡൽഹി ഹൈകോടതിയിൽ ഹിന്ദു സേനയുടെ പൊതുതാൽപര്യ ഹരജി
text_fieldsന്യൂഡൽഹി: താജ്മഹൽ മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ചതല്ലെന്നും പാഠപുസ്തകങ്ങളിൽ നിന്നുൾപ്പെടെ ചരിത്രം തിരുത്തണമെന്നും ആവശ്യപ്പെട്ട് ഡൽഹി ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി. ഹിന്ദു സേന പ്രസിഡന്‍റ് സുർജിത് സിങ് യാദവാണ് ഹരജിക്കാരൻ.
താജ്മഹൽ യഥാർഥത്തിൽ രാജാ മാൻസിങ്ങിന്‍റെ കൊട്ടാരമാണെന്നും ഷാജഹാൻ ചക്രവർത്തി പിന്നീട് ഇത് നവീകരിക്കുക മാത്രമാണ് ചെയ്തതെന്നും ഹരജിക്കാരൻ ആരോപിക്കുന്നു.
താജ്മഹലിന്‍റെ ചരിത്രത്തെ കുറിച്ച് താൻ ആഴത്തിലുള്ള പഠനം നടത്തിയെന്നാണ് സുർജിത് സിങ് യാദവ് ഹരജിയിൽ പറയുന്നത്. താജ്മഹലിന്‍റെ യാഥാർഥ്യം ജനങ്ങൾ അറിയേണ്ടതുണ്ട്. ചില പുസ്തകങ്ങളിൽ ഷാജഹാന്‍റെ ഭാര്യയുടെ പേര് മുംതാസ് മഹൽ എന്നല്ല ആലിയ ബീഗം എന്നാണ് കാണുന്നത്. ഇസഡ്.എ. ദേശായിയുടെ പുസ്തകത്തിൽ പറയുന്നത് മുംതാസ് മഹൽ മരിച്ചപ്പോൾ ഖബറടക്കാനായി ഷാജഹാൻ മനോഹരമായ ഒരു സ്ഥലം തേടിയെന്നും അങ്ങനെയുള്ള ഒരു മനോഹരമായ കെട്ടിടത്തിനരികെ ശവകുടീരം തീർത്തുവെന്നുമാണ്. മനോഹരമായ ഈ കെട്ടിടം രാജാ മാൻസിങ്ങിന്‍റെ കൊട്ടാരമായിരുന്നു. അദ്ദേഹത്തിന്‍റെ ചെറുമകൻ രാജാ ജയ്സിങ്ങിന്‍റെ കൈവശമായിരുന്നു അപ്പോൾ കൊട്ടാരമുണ്ടായിരുന്നത്. ഇത് ഷാജഹാൻ ഒരിക്കലും പൊളിച്ച് പണിതിട്ടില്ല, നവീകരിക്കുക മാത്രമാണ് ചെയ്തത് -ഹരജിക്കാരൻ വാദിക്കുന്നു.
താജ്മഹലിനെ കുറിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ പറയുന്ന കാര്യങ്ങളിൽ വൈരുദ്ധ്യമുണ്ടെന്ന് ഇയാൾ വാദിക്കുന്നു. 17 വർഷമെടുത്താണ് 1648ൽ താജ്മഹൽ നിർമിച്ചതെന്ന് ഒരിടത്ത് പറയുന്നു. എന്നാൽ, 1631ൽ മുംതാസ് മഹൽ മരിച്ചപ്പോൾ ആറ് മാസത്തിന് ശേഷം ഇവരുടെ ഭൗതികദേഹം താജ്മഹലിലെ പ്രധാന കുടീരത്തിലേക്ക് കൊണ്ടുപോയെന്ന് പറയുന്നു. ഇത് പരസ്പര വിരുദ്ധമാണെന്ന് ഹരജിയിൽ പറയുന്നു.
താജ്മഹലിന്‍റെ ശരിയായ പ്രായത്തെ കുറിച്ചും രാജാ മാൻസിങ്ങിന്‍റെ കൊട്ടാരത്തെ കുറിച്ചും പഠിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദേശം നൽകണം. രാജാ മാൻസിങ്ങിന്‍റെ കൊട്ടാരത്തെ കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കണം. ഇത് നവീകരിച്ചാണ് ഷാജഹാൻ താജ്മഹലാക്കിയത്. ഈ വിവരങ്ങൾ ചരിത്രപുസ്തകത്തിലുണ്ട് -ഹരജിക്കാരൻ പറയുന്നു.
ചരിത്രപുസ്തകങ്ങളിൽ നിന്നും വിവരാവകാശം വഴി ലഭിച്ച വസ്തുതകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും ഉൾപ്പെടെ വിവരങ്ങൾ ശേഖരിച്ചാണ് താൻ ഹരജി ഫയൽചെയ്തതെന്ന് ഹിന്ദു സേന അധ്യക്ഷൻ പറയുന്നു. താജ്മഹലിന്‍റെ ശരിയായ ചരിത്രം ജനം അറിയേണ്ടതുണ്ട്. ശരിയായ വിവരം ജനങ്ങളെ അറിയിക്കാത്തത് ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്‍റെയും 19(1)ന്‍റെയും ലംഘനമാണെന്നും ഹരജിക്കാരൻ പറയുന്നു.
കേന്ദ്ര സർക്കാർ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ, യു.പി സർക്കാർ എന്നിവരെ എതിർകക്ഷിയാക്കിയാണ് ഹരജി.
താജ്മഹൽ ഹിന്ദു ക്ഷേത്രമാണെന്ന് മുമ്പ് സംഘപരിവാർ അനുകൂല സ്വയംപ്രഖ്യാപിത ചരിത്രകാരൻ പി.എൻ. ഒാക്ക് വാദിച്ചിരുന്നു. എന്നാൽ, ഈ വാദങ്ങൾ കോടതി തള്ളിയതാണ്. ഹിന്ദു രാജാവാണ് താജ് മഹൽ പണിതത് എന്ന അവകാശവാദം അംഗീകരിക്കണമെന്ന ഒാക്കിന്‍റെ ഹരജി 2000ൽ സുപ്രീംകോടതി തള്ളിയിരുന്നു.
താജ്മഹലിലെ അടച്ചിട്ട 22 മുറികൾ തുറക്കണമെന്ന ഹരജി കഴിഞ്ഞ വർഷം മേയിൽ അലഹാബാദ് െെഹകോടതി തള്ളിയിരുന്നു. അടച്ചിട്ട മുറികളിൽ ഹിന്ദു െെദവങ്ങളുടെ സാന്നിധ്യം പരിശോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പിയുടെ സമൂഹമാധ്യമ ചുമതലയുള്ള രജനീഷ് സിങ് ആയിരുന്നു കോടതിയെ സമീപിച്ചത്. ഹരജിക്കാരനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് കോടതി ഹരജി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.