ശഹീൻബാഗ്: ഹരജിയുമായി സി.പി.എം; ഇടപെടാതെ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ശഹീൻബാഗിലെ പൊളിക്കൽ തടയണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നൽകിയ ഹരജി സുപ്രീംകോടതി പരിഗണിച്ചില്ല. പൊളിച്ചുനീക്കലില്‍ നഷ്ടം നേരിടുന്നവരല്ലേ കോടതിയെ സമീപിക്കേണ്ടതെന്ന് ചോദിച്ച ജസ്റ്റിസ് എൽ. നാഗേശ്വര റാവു, ജസ്റ്റിസ് ബി.ആർ. ഗവായി എന്നിവരടങ്ങുന്ന ബെഞ്ച് കോടതിയെ രാഷ്ട്രീയ വേദിയാക്കരുതെന്ന് നിർദേശം നൽകി.
നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചതിലും ബെഞ്ച് ഹരജിക്കാരെ രൂക്ഷമായി വിമർശിച്ചു. ഹരജിക്കാര്‍ക്ക് ഹൈകോടതിയെ സമീപിക്കാമെന്നും ബെഞ്ച് അറിയിച്ചു. തുടർന്ന് ഹരജി പിൻവലിച്ച സി.പി.എം രണ്ടാഴ്ചത്തേക്ക് പൊളിക്കൽ നിർത്തിവെക്കാൻ നിർദേശിക്കണമെന്ന് കോടതിയോട് അഭ്യർഥിച്ചു.
ഈ ആവശ്യം തള്ളിയ കോടതി ചൊവ്വാഴ്ച ഹൈകോടതിയെ സമീപിക്കാമെന്ന് അറിയിച്ചു. അതുവരെ പൊളിക്കൽ നിർത്തിവെക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി അഭ്യർഥിച്ചു.
എന്തുകൊണ്ടാണ് നിയമപരമായി നടപടികൾ സ്വീകരിക്കാത്തതെന്ന് ബെഞ്ച് ആരാഞ്ഞു. എന്നാൽ, വാർത്താ തലക്കെട്ടുകൾ സൃഷ്ടിക്കുക മാത്രമാണ് ഹരജിക്കാരുടെ ലക്ഷ്യമെന്നും സോളിസിറ്റർ ജനറൽ മറുപടി നൽകി.
ജഹാംഗീർപുരി പൊളിക്കൽ കേസ് ജൂലൈയിലേക്ക് മാറ്റി
ന്യൂഡൽഹി: ജഹാംഗീർപുരിയിലെ ഇടിച്ചുനിരത്തൽ ഒരു വിഭാഗത്തെമാത്രം ലക്ഷ്യംവെച്ചുള്ളതല്ലെന്നും ഹരജിക്കാർ അനാവശ്യമായി സാമുദായിക നിറം നൽകുകയാണെന്നും വിശദീകരിച്ച് നോർത്ത് ഡൽഹി മുൻസിപ്പൽ കോർപറേഷൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ജംഇയ്യത്തുൽ ഉലമ ഹിന്ദ്, സി.പി.എം നേതാവ് വൃന്ദ കാരാട്ട് എന്നിവർ നൽകിയ ഹരജിയിലാണ് നടപടി.
വീടുകൾ പൊളിച്ച് നീക്കിയിട്ടില്ല. പൊതുസ്ഥലത്ത് താൽക്കാലികമായ നിർമിച്ച കടയുടെ ഭാഗങ്ങളും നടപ്പാതയിൽ കൂട്ടിയിട്ട ചാക്കുകളും മറ്റുമാണ് നീക്കിയത്. ഇതിന് മുൻകൂർ നോട്ടീസ് നൽകേണ്ടതില്ലെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചു. ഏപ്രിൽ 21ന് ഹരജി പരിഗണിച്ച സുപ്രീംകോടതി പൊളിക്കലിന് രണ്ടാഴ്ചത്തേക്ക് സ്റ്റേ ഏർപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച വീണ്ടും കേസ് പരിഗണിച്ച കോടതി ജൂലൈ അവസാനത്തിലേക്ക് മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.