ശാഹി ഈദ്ഗാഹ് മസ്ജിദ്- ക്ഷേത്ര തർക്കം: ഹിന്ദുവിഭാഗം സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ് മഥുരയിലെ ശാഹി ഈദ്ഗാഹ് മസ്ജിദ്-ക്ഷേത്ര തർക്ക വിഷയത്തിൽ ഹിന്ദു വിഭാഗം സുപ്രീംകോടതിയിൽ. കഴിഞ്ഞദിവസത്തെ അലഹബാദ് ഹൈകോടതി ഉത്തരവിനെതിരെ മുസ്ലിം വിഭാഗം സുപ്രീംകോടതിയെ സമീപിക്കുകയാണെങ്കിൽ തങ്ങളുടെ ഭാഗം കേൾക്കണമെന്നാവശ്യപ്പെട്ടുള്ള കേവിയറ്റുമായാണ് ഹിന്ദു വിഭാഗം പരമോന്നത കോടതിയിലെത്തിയത്. എതിർഭാഗം കോടതിയിലെത്തിയാൽ എക്സ്പാർട്ടി വിധിയുണ്ടാകരുതെന്ന് ഉറപ്പാക്കാനാണ് ഇവർ അഡ്വ. വിഷ്ണു ശങ്കർ ജെയ്ൻ മുഖേന സുപ്രീംകോടതിയെ സമീപിച്ചത്.
ശാഹി ഈദ്ഗാഹ് മസ്ജിദ്- കൃഷ്ണ ജന്മഭൂമി തർക്കത്തിൽ കേസുകളുമായി മുന്നോട്ടുപോകാനുള്ള ക്ഷേത്രം അധികൃതരുടെ അവകാശത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി ആഗസ്റ്റ് ഒന്നിന് അലഹബാദ് ഹൈകോടതി തള്ളിയിരുന്നു. മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയാണ് കോടതി തള്ളിയത്. തർക്കവുമായി ബന്ധപ്പെട്ട 18 കേസുകളിലെ വിചാരണ തുടരാമെന്നും ഹൈകോടതി വിധിച്ചിരുന്നു. ആഗസ്റ്റ് 12നാണ് അടുത്ത വാദം കേൾക്കൽ.
മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ കാലത്ത് ക്ഷേത്രം തകർത്ത് നിർമിച്ചതാണ് ശാഹി ഈദ്ഗാഹ് മസ്ജിദെന്നാണ് ഹിന്ദു വിഭാഗത്തിന്റെ ആരോപണം. പള്ളി നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.