കർണാടകയിലെ ശക്തി പദ്ധതി: 5600 ബസുകൾകൂടി വാങ്ങുന്നു
text_fieldsബംഗളൂരു: കർണാടകയിൽ വനിതകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി വൻ ഹിറ്റായതോടെ യാത്രാതിരക്ക് കണക്കിലെടുത്ത് സർക്കാർ കൂടുതൽ ബസുകൾ നിരത്തിലിറക്കും. പുതുതായി 5600 ബസുകൾ വാങ്ങാനാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിന്റെ തീരുമാനം. പുതിയ ബസുകൾ വാങ്ങാൻ മുഖ്യമന്ത്രി കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന് നിർദേശം നൽകി.
പുതിയ ബസുകൾ വാങ്ങാൻ 500 കോടിയാണ് സംസ്ഥാന ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. സംസ്ഥാന സർക്കാറിന്റെ ജനക്ഷേമ പദ്ധതികളിലൊന്നാണ് ശക്തി. പദ്ധതി നടപ്പാക്കിയശേഷം സർക്കാർ ബസുകളിൽ വനിതകളുടെ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇത് മറികടക്കാൻ കൂടുതൽ സർവിസുകൾ ഏർപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് കൂടുതൽ ബസുകൾ വാങ്ങാൻ തീരുമാനിച്ചത്. സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നുണ്ടെങ്കിലും 50 ശതമാനം സീറ്റുകൾ പുരുഷന്മാർക്കായി സംവരണം ചെയ്തിട്ടുണ്ട്. സ്ത്രീകൾക്കു പുറമെ, ട്രാൻസ്ജെൻഡറുകൾക്കും യാത്ര സൗജന്യമാണ്.
എന്നാൽ, കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി എന്നിവക്ക് കീഴിലെ ലക്ഷ്വറി ബസുകളിലും അന്തർസംസ്ഥാന സർവിസുകളിലും സൗജന്യ യാത്രക്ക് അനുമതിയില്ല. അതേസമയം, ശക്തി പദ്ധതിയിൽ പുരുഷന്മാർക്കും സൗജന്യ ബസ് യാത്ര അനുവദിക്കണമെന്നാവശ്യം ഉയരുന്നുണ്ട്. കന്നട ചളുവാലി വട്ടാൽ പക്ഷ നേതാവ് വട്ടാൽ നാഗരാജിന്റെ നേതൃത്വത്തിൽ ശനിയാഴ്ച ബംഗളൂരുവിൽ ബി.എം.ടി.സി ബസിൽ പ്രതിഷേധ യാത്ര സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.