പുറത്തുവരാത്ത ഗുജറാത്ത് കഥകളുമായി ശക്തിസിങ് ഗോഹിൽ
text_fieldsന്യൂഡൽഹി: ‘‘രണ്ടുദിവസം മുമ്പ് ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ പ്രൈമറി സ്കൂൾ പ്രധാനാധ്യാപകൻ സ്കൂളിൽ വിടാമെന്നുപറഞ്ഞ് കാറിൽ കയറ്റിയ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു. കുട്ടി നിലവിളിച്ചപ്പോൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കാറിൽ സൂക്ഷിച്ച മൃതദേഹം വൈകീട്ട് സ്കൂൾ വിട്ട ശേഷം ക്ലാസ് മുറിയുടെ പിൻവശത്തെ ഭിത്തിക്കുസമീപം ചാരിവെച്ചു. സ്കൂൾ ബാഗ് അവളുടെ ക്ലാസ് റൂമിനുപുറത്ത് വാതിലിനടുത്തും വെച്ചു’’. ഗുജറാത്ത് പ്രദേശ് കോൺഗ്രസ് പ്രസിഡന്റും രാജ്യസഭാ എം.പിയുമായ ശക്തി സിങ് ഗോഹിൽ ആണ്, പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിൽ ആർ.എസ്.എസ്- ബി.ജെ.പി നേതാക്കളുടെ കുറ്റകൃത്യങ്ങൾ പങ്കുവെച്ചത്.
മെഹ്സാനയിലെ ചനാസ്മയിൽ, തന്ത്രവിദ്യയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് യുവമോർച്ച ജനറൽ സെക്രട്ടറി ഗൗരവ് അറസ്റ്റിലായതും വഡോദരയിലെ അംഗഢ് ഗ്രാമത്തിൽ ബി.ജെ.പി നേതാവ് ആകാശ് ഭഗവാൻ ഭായ് സ്ത്രീയെ വീട്ടിലെത്തി ബലാത്സംഗം ചെയ്തതും ശക്തി സിങ് വിവരിച്ചു. കഴിഞ്ഞ ദിവസം ബോട്ടാഡിലെ സ്കൂളിൽ പെൺകുട്ടിയെ പീഡിപ്പിച്ചതറിഞ്ഞ് ആളുകളെത്തി ബഹളമുണ്ടാക്കി. ബറൂച്ചിൽ അഞ്ചുമാസം പ്രായമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. പ്രതിദിനം ആറ് ബലാത്സംഗങ്ങൾ നടക്കുന്ന ഗുജറാത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 6,524 ബലാത്സംഗവും 95 കൂട്ടബലാത്സംഗങ്ങളുമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. സൂറത്തിൽ മയക്കുമരുന്ന് പിടികൂടിയപ്പോൾ ബി.ജെ.പി ഭാരവാഹിയാണെന്ന് തെളിഞ്ഞു. ഗുണ്ടകളെ ബി.ജെ.പി ഭാരവാഹിയാക്കിയതിനാലാണ് ഈ അവസ്ഥയുണ്ടായതെന്നും ശക്തി സിങ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.