അഫ്റസൂലിനെ കത്തിച്ചുകൊന്ന ശംഭുലാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും
text_fieldsആഗ്ര: രാജസ്ഥാനിലെ രാജസമന്ദിൽ ബംഗാൾ സ്വദേശി അഫ്റസൂലിനെ കോടാലികൊണ്ട് വെട്ടി കത്തിച്ചുകൊന്ന കേസിലെ പ്രതി ശംഭുലാലിനെ
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ നീക്കം. ഉത്തർപ്രദേശ് നവനിർമാൺ സേന സ്ഥാനാർത്ഥിയായി ആഗ്രയിലാണ് ഇയാൾ മത്സരിക്കുന്നത്. ഇയാൾക്ക് ആഗ്രയിൽ ടിക്കറ്റ് നൽകുമെന്ന് ഉത്തർപ്രദേശ് നവനിർമാൺ സേന അറിയിച്ചു. ശംഭുലാൽ ഇത് സ്വീകരിച്ചതായും ആഗ്രയിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടുമെന്നും ഉത്തർപ്രദേശ് നവനിർമാൺ സേനയുടെ ദേശീയ പ്രസിഡൻറ് അമിത് ജാനി അറിയിച്ചു. ജോധ്പുരി ജയിലിൽ നിന്നാണ് ഇയാൾ തെരഞ്ഞെടുപ്പിനെ നേരിടുക.
ഞങ്ങളുടെ പാർട്ടി ഹിന്ദുത്വ മുഖമുള്ളവരെ മാത്രമേ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുകയുള്ളു. അങ്ങനെ നോക്കുമ്പോൾ ശംഭുലാൽ അല്ലാതെ അനുയോജ്യനായ മറ്റൊരാളില്ല- ജാനി പറഞ്ഞു. ശംഭുലാൽ നിരപരാധിയാണെന്നും ഇയാൾ വ്യക്തമാക്കി. ലവ് ജിഹാദിനെതിരായ പോരാട്ടത്തിലെ പങ്ക് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാർച്ചിൽ രാമ നവമി ദിവസത്തിൽ ശംഭുലാലിനെ ജോധ്പൂരിൽ ആദരിച്ച് പരിപാടി നടത്തിയിരുന്നു.
2017 ഡിസംബർ ആറിനാണ് അഫ്റസൂലിനെ വെട്ടിക്കൊലപ്പെടുത്തിയശേഷം പെട്രോളൊഴിച്ച് കത്തിച്ചുകൊന്നത്. ഇതിെൻറ ദൃശ്യങ്ങൾ 14കാരനായ അനന്തരവനെക്കൊണ്ട് മൊബൈലിൽ പകർത്തുകയും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ലവ് ജിഹാദ് ആരോപിച്ചാണ് അഫ്റസൂലിനെ കൊന്നതെന്നായിരുന്നു ആദ്യം വാർത്തകൾ പുറത്തുവന്നത്. ശംഭുലാലിനെ പിന്തുണച്ച് നിരവധി ഹിന്ദുത്വ സംഘടനകൾ രംഗത്തുവന്നിരുന്നു. കേസ് നടത്തിപ്പിനായി സമൂഹമാധ്യമങ്ങൾ വഴി ഇയാളുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണസമാഹരണവും നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.