ശരദ് പവാർ എന്ന മറാത്ത പവർ
text_fieldsമുംബൈ: ശരദ്ഗോവിന്ദ്റാവു പവാർ, ഇന്ത്യൻ രാഷ്ട്രീയത്തിലെ പവർഫുൾ മനുഷ്യൻ. എൻ.സി.പിയിൽ എതിർവായില്ലാത്ത നേതാവ്. ആളും അർഥവുമായി രാഷ്ട്രീയ ചാണക്യനായി വിലസിയ പവാർ അപ്രതീക്ഷിതമായി എൻ.സി.പി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത് ചിന്തിച്ചെടുത്ത തീരുമാനം തന്നെയാകും. ഒടുവിൽ അധ്യക്ഷപദമൊഴിയുമ്പോൾ കരുത്തനായ നേതാവിനെയാണ് ഉന്നത പദവിയിൽ എൻ.സി.പിക്ക് ഇല്ലാതാകുന്നത്.
പല സംസ്ഥാനങ്ങളിലും വ്യത്യസ്തമായ മുന്നണികൾക്കൊപ്പംനിൽക്കുന്ന എൻ.സി.പിയിലെ പ്രാദേശിക വിഷയങ്ങൾ എളുപ്പം പരിഹരിക്കുന്നത് പവാറിന്റെ കരുത്തും പരിചയസമ്പത്തുമായിരുന്നു. യുവജന രാഷ്ട്രീയത്തിൽനിന്ന് നാലുവട്ടം മുഖ്യമന്ത്രിയും ഒരു വ്യാഴവട്ടത്തോളം കേന്ദ്രമന്ത്രിയുമായി ഉയർന്ന പവാറിന്റെ പുതിയ നീക്കങ്ങളും ആകാംക്ഷയോടെയാണ് മറ്റു പാർട്ടികൾ വീക്ഷിക്കുന്നത്.
1958ൽ യൂത്ത് കോൺഗ്രസിലൂടെയാണ് പവാറിന്റെ തുടക്കം. നാലു വർഷത്തിനുശേഷം പുണെ ജില്ല യൂത്ത് കോൺഗ്രസ് പ്രസിഡന്റായി. 1967ൽ സ്വന്തം തട്ടകമായ ബരാബതിയിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിലേക്ക് ജയിച്ചു.
1978ൽ, 38ാം വയസ്സിൽ മഹാരാഷ്ട്രയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി. പവാറിന്റെ പി.ഡി.എഫ് മുന്നണി രണ്ടു വർഷത്തോളം ഭരണത്തിൽ തുടർന്നു. 1988ലും ’90ലും വീണ്ടും മുഖ്യമന്ത്രിയായി. ’91ൽ പി.വി. നരസിംഹ റാവുവിനു കീഴിൽ പവാർ പ്രതിരോധ മന്ത്രിയായി. എന്നാൽ, ’93ൽ മുംബൈ കലാപത്തെ തുടർന്ന് സുധാകർ റാവു നായ്ക് പടിയിറങ്ങിയപ്പോൾ നാലാമതും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി.
സോണിയ ഗാന്ധിയെകുറിച്ചുള്ള ‘വിദേശ വംശ’ ആരോപണും പാർലമെന്ററി പാർട്ടി പദവി ലഭിക്കാത്തതും 1999ൽ പവാറിനെ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കാൻ പ്രേരിപ്പിച്ചു. തന്നോടൊപ്പം പുറത്താക്കപ്പെട്ട പി.എ. സാംഗ്മക്കും താരിഖ് അൻവറിനുമൊപ്പം പവാർ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) രൂപവത്കരിച്ചു.
എൻ.സി.പിയായെങ്കിലും കോൺഗ്രസുമായി ചങ്ങാത്തം തുടർന്ന പവാർ 2004ലും 2009ലും മൻമോഹൻ സിങ് മന്ത്രിസഭയിൽ കൃഷിവകുപ്പിന്റെ ചുമതല വഹിച്ചു. പിന്നീട് ശിവസേനയെ ബി.ജെ.പി സഖ്യത്തിൽനിന്ന് അടർത്തിയെടുത്ത് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കിയതും പവാറിന്റെ ബുദ്ധിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.