മറാത്തകൾക്കുള്ള സംവരണം കേന്ദ്രം 75 ശതമാനമായി ഉയർത്തണം -ശരദ് പവാർ
text_fieldsന്യൂഡൽഹി: മറാത്തകൾക്ക് വിദ്യാഭ്യാസത്തിലും സർക്കാർ ജോലികളിലും സംവരണം വർധിപ്പിക്കുന്നതിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിനുമേൽ സമ്മർദം ചെലുത്തി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ്.പി) തലവൻ ശരദ് പവാർ. മറാത്തക്കാരെയും മറ്റുള്ളവരെയും ഉൾക്കൊള്ളാൻ സംവരണ ക്വാട്ട 75 ശതമാനമായി ഉയർത്തണമെന്ന് പവാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പവാറിന്റെ പരാമർശം. 1990 മുതൽ തമിഴ്നാട് പട്ടികജാതി, പട്ടികവർഗ, പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം 69ശതമാനമായി ഉയർത്തി. എന്തുകൊണ്ട് മഹാരാഷ്ട്രക്ക് ഇത് പിന്തുടരാൻ കഴിയില്ലെന്ന് അദ്ദേഹം ചോദിച്ചു. മറാത്ത സംവരണ തർക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സാംഗ്ലിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പവാർ.
നിലവിൽ സുപ്രീംകോടതി 50 ശതമാനമായി ഉയർത്തിയ സംവരണ പരിധി 75 ശതമാനമായി ഉയർത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ‘സംവരണ ക്വാട്ടയിലെ 50ശതമാനം പരിധി മറികടക്കാൻ ഒരു സർക്കാറിനും കഴിയില്ല എന്നതാണ് പ്രശ്നം. ഒരു സംസ്ഥാനത്തിന് കൂടുതൽ സംവരണം വേണമെങ്കിൽ പാർലമെന്‍റിൽ നിയമനിർമാണം നടത്തി മാറ്റങ്ങൾ വരുത്തേണ്ടിവരും -അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് ഒ.ബി.സി വിഭാഗത്തിന് കീഴിലുള്ള സമുദായത്തിന് സംവരണം നൽകിയില്ലെങ്കിൽ അധികാരത്തിലുള്ളവരെ വെറുതെ വിടില്ലെന്ന് മറാത്ത ക്വാട്ട ആക്ടിവിസ്റ്റ് മനോജ് ജാരങ്കെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.