തെരഞ്ഞെടുപ്പ് കമീഷണറായി അരുൺ ഗോയലിന്‍റെ നിയമനം; കേന്ദ്രത്തിന് രൂക്ഷ വിമർശനവുമായി ശരത് പവാർ
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷണറായി അരുൺ ഗോയലിനെ നിയമിച്ച കേന്ദ്ര സർക്കാരിന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച് എൻ.സി.പി നേതാവ് ശരത് പവാർ. അരുൺ ഗോയലിന്‍റെ നിയമനം നിലവിലെ നിയമസംവിധാനങ്ങൾക്ക് എതിരാണെന്നും തിരക്കിട്ടാണ് നിയമനപ്രക്രിയ നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
'പുതിയ തെരഞ്ഞെടുപ്പ് കമീഷണറുടെ നിയമനം സർക്കാരിന്‍റെ അധികാര ദുരുപയോഗമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗികപദവിയിൽ നിന്ന് സ്വയം വിരമിച്ച ഉടനെ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചത് അസ്വാഭാവിക നടപടിയാണ്, മുമ്പൊരിക്കലും ഇങ്ങനെ നടന്നിട്ടില്ല' -ശരത് പവാർ പറഞ്ഞു. കേന്ദ്രസർക്കാരിന്‍റെ ഈ നടപടി നിലവിലെ നിയമ വ്യവസ്ഥക്ക് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അരുൺ ഗോയലിന്‍റെ നിയമനഫയലുകൾ കേന്ദ്രസർക്കാർ ഹാജരാക്കിയതിനു പിന്നാലെ ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് നിയമന പ്രക്രിയയെ ചോദ്യം ചെയ്തതിരുന്നു. തിരക്കിട്ടാണ് അരുൺ ഗോയലിന്‍റെ നിയമനനടപടികൾ പൂർത്തിയാക്കിയതെന്ന് കോടതി നിരീക്ഷിച്ചു.
അരുൺ ഗോയലിന്‍റെ യോഗ്യതയെയല്ല മറിച്ച് നിയമന പ്രക്രിയയെയാണ് ചോദ്യം ചെയ്തതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അരുൺ ഗോയലിനെ തെരഞ്ഞടുപ്പ് കമീഷണറായി നിയമിച്ചതിന്‍റെ എല്ലാ ഫയലുകളും ഹാജരാക്കാൻ കഴിഞ്ഞദിവസമാണ് സുപ്രീം കോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്ര സർക്കാരിൽ സെക്രട്ടറിതല ഉദ്യോഗസ്ഥനായ അരുൺ ഗോയലിന് വി.ആർ.എസ് നൽകിയത്. തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പ് കമീഷണറായി നിയമന ഉത്തരവും നൽകി. ഇതിന് പിന്നാലെ നിയമനപ്രക്രിയ കൃത്യമായല്ല നടന്നതെന്ന ആരോപണം ശക്തമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.