പദവിക്ക് വേണ്ടി കുടുംബം തകർക്കുമോ ? അജിത് പവാറിനെതിരെ വിമർശനവുമായി ശരത് പവാർ
text_fieldsമുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെതിരെ വിമർശനവുമായി എൻ.സി.പി(എസ്.പി) അധ്യക്ഷൻ ശരത് പവാർ. രാഷ്ട്രീയ നേട്ടങ്ങൾക്കായി കുടുംബം തകർത്തയാളാണ് അജിത് പവാറെന്ന് ശരത് പവാർ വിമർശിച്ചു. തന്റെ രക്ഷിതാക്കളോ സഹോദരങ്ങളോ കുടുംബം തകർക്കാൻ ഒരിക്കലും ഉപദേശിച്ചിട്ടില്ലെന്ന് ശരത് പവാർ പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് മഹാരാഷ്ട്രയെ നയിക്കാൻ എന്നെ ഉപദേശിച്ചു. ഇപ്പോൾ പാർട്ടിയിൽ ഒരു മെന്ററുടെ റോളാണ് എനിക്കുള്ളത്. ന്യൂ ജനറേഷനിലാണ് ഇപ്പോൾ ജനങ്ങൾ വിശ്വാസമർപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ അധികാരത്തിലില്ലെന്ന് മനസിലാക്കിയ ഒരു സംഘം സ്ഥാനമാനങ്ങൾക്ക് വേണ്ടി സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ, ആ സർക്കാർ നാല് ദിവസം പോലും നീണ്ടുനിന്നില്ലെന്ന് ശരത് പവാർ പറഞ്ഞു. 2019ലെ തെരഞ്ഞെടുപ്പിന് ശേഷം അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിലായിരുന്നു ശരത് പവാറിന്റെ പ്രതികരണം.
ഉപമുഖ്യമന്ത്രിസ്ഥാനം ലഭിക്കുന്നതിന് വേണ്ടിയാണ് അജിത് പവാർ മറുപക്ഷത്തേക്ക് പോയത്. നിരവധി തവണ ഉപമുഖ്യമന്ത്രിയായ ആളാണ് അജിത് പവാർ. ഒരു തവണ ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കാതിരിക്കുമ്പോഴേക്കും നിങ്ങൾ കുടുംബം തകർക്കുമോയെന്നും ശരത് പവാർ ചോദിച്ചു.
ആര് എന്ത് നിലപാട് സ്വീകരിച്ചാലും ഞാൻ തെറ്റായ പാതയിൽ പോകില്ല. എന്റെ കുടുംബം ഐക്യത്തോടെ തുടരുമെന്ന് ഞാൻ ഉറപ്പുനൽകുകയാണെന്നും ശരത് പവാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.