‘കുടുംബം പിളർത്തുന്നത് ശരദ് പവാർ, എന്റെ അതേ തെറ്റ് അവരും ആവർത്തിക്കുന്നു’ -തൊണ്ട ഇടറിയും വെള്ളം കുടിച്ചും അജിത് പവാർ
text_fieldsമുംബൈ: ബരാമതിയിൽ ശരദ് പവാറിനെതിരെ വൈകാരിക പ്രസ്താവനയുമായി ഉപമുഖ്യമന്ത്രി അജിത് പവാർ. മഹായുതി സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചതിനുശേഷം നടന്ന റാലിയിലാണ് രംഗം. പവാർ കുടുംബത്തിൽ വിള്ളലുണ്ടാക്കുന്നത് ശരദ് പവാറാണെന്ന് അജിത് ആരോപിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിൽ സഹോദരിക്കെതിരെ ഭാര്യയെ നിർത്തിയത് തന്റെ തെറ്റായിരുന്നുവെന്നും അതിന് ക്ഷമചോദിച്ചതാണെന്നും പറഞ്ഞ അജിത് അതേ തെറ്റ് ‘അവരും’ ആവർത്തിക്കുകയാണെന്ന് ആരോപിച്ചു. ‘
‘ഞാനും കുടുംബവും ഇവിടെ മത്സരിക്കാൻ തീരുമാനിച്ചതാണ്. അജിത് പവാറിനെതിരെ ആരും മത്സരിക്കരുതെന്ന് അമ്മ പറഞ്ഞതാണ്. പിന്നീടാണ് ഞാൻ കേട്ടത് സാഹെബ് (ശരദ് പവാർ) എനിക്കെതിരെ മത്സരിപ്പിക്കാൻ അവരോട് ആവശ്യപ്പെട്ടുവെന്ന്’’-തൊണ്ട ഇടറിയും വെള്ളം കുടിച്ചും അജിത് പറഞ്ഞു. അജിത് പവാറിന്റെ സഹോദരൻ ശ്രീനിവാസ് പവാറിന്റെ മകൻ യുഗേന്ദ്ര പവാറാണ് പവാർ പക്ഷ സ്ഥാനാർഥി. അമ്മക്ക് 86 വയസ്സായെന്നും അവരെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും ശ്രീനിവാസ് പവാർ പ്രതികരിച്ചു. ശരദ് പവാറിന്റെയും സുപ്രിയ സുലെയുടെയും സാന്നിധ്യത്തിൽ യുഗേന്ദ്ര പവാറും തിങ്കളാഴ്ച പത്രിക സമർപ്പിച്ചു.
വിദേശത്ത് പഠിക്കുകയും നാടിന്റെ കാർഷിക പാരമ്പര്യം കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന വിദ്യാസമ്പന്നനായ യുവ നേതാവിനെയാണ് നൽകുന്നതെന്നും അത് ബരാമതി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതായും ശരദ് പവാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.