പവാർ 25 വർഷം മുമ്പേ അത് പറഞ്ഞതാണ്, ഞങ്ങൾക്ക് മനസിലായത് രണ്ട് വർഷം മുമ്പ് മാത്രം -സഞ്ജയ് റാവുത്ത്
text_fieldsമുംബൈ: ഭിന്നിപ്പിക്കലാണ് ബി.ജെ.പിയുടെ രീതിയെന്ന് 25 വർഷം മുമ്പേ എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞിരുന്നതായും എന്നാൽ രണ്ട് വർഷം മുമ്പ് മാത്രമാണ് ശിവസേനക്ക് അത് മനസിലായതെന്നും പാർട്ടി എം.പി സഞ്ജയ് റാവുത്ത്. ശരദ് പവാറിന്‍റെ പ്രസംഗങ്ങളുടെ സമാഹാരം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു റാവുത്ത്. മഹാരാഷ്ട്രയിൽ ബി.ജെ.പിയുമായുണ്ടായിരുന്ന സഖ്യം ശിവസേന 2019ൽ വിട്ടൊഴിഞ്ഞതിനെ പരാമർശിച്ചായിരുന്നു സഞ്ജയ് റാവുത്തിന്‍റെ പ്രസംഗം.
രാജ്യത്ത് ഐക്യം ഉണ്ടാകുന്നത് ബി.ജെ.പിക്ക് ഇഷ്ടമല്ലെന്ന് പവാർ അന്നേ പറഞ്ഞതാണ്. ഭിന്നിപ്പിക്കലാണ് അവരുടെ രീതി. ഇത് ഞങ്ങൾ തിരിച്ചറിഞ്ഞത് രണ്ട് വർഷം മുമ്പ് മാത്രമാണ്. രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്ന പിന്തിരിപ്പൻ നയങ്ങളാണ് ബി.ജെ.പിയുടെതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ഇത് മനസിലാക്കാൻ ഞങ്ങൾ ഏറെ കാലമെടുത്തു.
'സധൈര്യം സംസാരിക്കുക' എന്ന് അർഥം വരുന്ന തലക്കെട്ടാണ് ശരദ് പവാറിന്‍റെ പുസ്തകത്തിന്. ഈ പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനമായി നൽകണം. അദ്ദേഹത്തിന് ഇതിൽ നിന്നും പഠിക്കാനേറെയുണ്ട്. പാർലമെന്‍റിന്‍റെ സെൻട്രൽ ഹാൾ നേതാക്കളും മാധ്യമപ്രവർത്തകരും തമ്മിൽ സംവദിക്കാനും ചർച്ചചെയ്യാനുമുള്ള വേദിയായിരുന്നു. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി ചോദ്യങ്ങളുയർത്തുന്നവർ എതിർക്കപ്പെടുകയും മുദ്രകുത്തപ്പെടുകയുമാണ്. ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അടിസ്ഥാന അവകാശം നിഷേധിക്കുന്നത് ഭൂരിപക്ഷവാദത്തിന് വഴിയൊരുക്കുന്നുവെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.