കണക്കുകൂട്ടലുകൾ തെറ്റി ബി.ജെ.പി, ഒറ്റക്ക് ഭൂരിപക്ഷമില്ല; ചടുല നീക്കങ്ങളുമായി ഇൻഡ്യ സഖ്യം
text_fieldsന്യൂഡൽഹി: 400 സീറ്റുകൾ നേടി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറാമെന്ന ബി.ജെ.പിയുടെയും എൻ.ഡി.എ സഖ്യത്തിന്‍റെയും പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ് പുറത്തുവരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഭരിക്കാനുള്ള മാന്ത്രിക സംഖ്യ ഒറ്റക്ക് നേടിയ ബി.ജെ.പിക്ക്, ഇത്തവണ സർക്കാർ രൂപവത്കരണത്തിന് സഖ്യത്തിലെ മറ്റു പാർട്ടികളുടെ പിന്തുണ കൂടിയേ തീരു.
എന്‍.ഡി.എ സഖ്യം മുന്നേറുന്ന സീറ്റുകളുടെ എണ്ണം കേവലഭൂരിപക്ഷം കടന്നിട്ടുണ്ടെങ്കിലും 240 നടുത്ത് സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിക്ക് ലീഡുള്ളത്. 543 അംഗ ലോക്‌സഭയില്‍ 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാൽ, എക്സിറ്റ് പോൾ പ്രവചനങ്ങൾ നിഷ്പ്രഭമാക്കി നടത്തിയ മുന്നേറ്റം ഇൻഡ്യ സഖ്യ ക്യാമ്പിൽ വലിയ ഉണർവുണ്ടാക്കിയിട്ടുണ്ട്. സഖ്യത്തിലെ പാർട്ടികളെ ചേർത്തുനിർത്തിയും എൻ.ഡി.എക്കൊപ്പമുള്ള പ്രധാന പ്രദേശിക പാർട്ടികളെ കൂടെക്കൂട്ടിയും സർക്കാർ രൂപീകരണത്തിനുള്ള ചടുല നീക്കങ്ങൾ ഇൻഡ്യ സഖ്യം തുടങ്ങിയതായാണ് വിവരം.
ആന്ധ്രപ്രദേശിൽ അധികാര സിംഹാസനത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ ടി.ഡി.പിയുടെ ചന്ദ്രബാബു നായിഡുവിനെയും ബിഹാറിലെ ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനെയും പിന്തുണ തേടി ഇൻഡ്യ സഖ്യം ബന്ധപ്പെട്ടിട്ടുണ്ട്. ഇരുപാർട്ടികളും ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് എൻ.ഡി.എ ക്യാമ്പിലെത്തിയത്. എൻ.സി.പി നേതാവ് ശരദ് പവാറാണ് ഇരുനേതാക്കളെയും ഫോണിൽ വിളിച്ചത്. ചന്ദ്രബാബുവിന്‍റെയും നിതീഷിന്‍റെയും നിലപാട് തന്നെയാകും ഇത്തവണ സർക്കാർ രൂപവത്കരണത്തിൽ എൻ.ഡി.എക്കും ഇൻഡ്യ സഖ്യത്തിനും നിർണായകം.
പിന്തുണ ഉറപ്പിക്കാനായി ഇരുവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബന്ധപ്പെട്ടതായി വിവരമുണ്ട്. ജെ.ഡി.എസ് നേതാവ് എച്ച്.ഡി. ദേവഗൗഡയെയും ഇൻഡ്യ സഖ്യ നേതാക്കൾ ബന്ധപ്പെടുന്നുണ്ട്. 230ലധികം സീറ്റുകൾ നേടുകയാണെങ്കിൽ ഇൻഡ്യ സഖ്യം സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്നും സൂചനകളുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചന്ദ്രബാബുവിനെ ഫോണിൽ വിളിച്ചിട്ടുണ്ട്. കാര്യമായ സീറ്റുകളില്ലെങ്കിലും വൈ.എസ്.ആർ കോൺഗ്രസിനെക്കൂടി കൂടെക്കൂട്ടാൻ ഇന്ത്യ മുന്നണി ശ്രമം നടത്തുന്നുണ്ട്.
ജനാധിപത്യം തകര്‍ത്ത് ഏകാധിപത്യത്തിലേക്കുള്ള നീക്കത്തിന്റെ ഭാഗമായാണ് ബി.ജെ.പി 400 സീറ്റുകൾ ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ പ്രചാരണം ഏശിയെന്നുവേണം വിലയിരുത്താൻ. 400 സീറ്റ് ലഭിച്ചാല്‍ ഭരണഘടനയില്‍ മാറ്റംവരുത്തുമെന്ന ചില ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയും പാര്‍ട്ടിക്ക് തിരിച്ചടിയായി. ഒരുഘട്ടത്തിൽ ബി.ജെ.പി തന്നെ ഈ പ്രചാരണത്തിൽനിന്ന് പിന്നാക്കം പോയിരുന്നു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ഭരണഘടന ഉയര്‍ത്തിക്കൊണ്ടാണ് പ്രചാരണം നടത്തിയത്. ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാതെ അധികാരത്തിലിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സര്‍ക്കാറിനും വലിയ വെല്ലുവിളിയാകും.
ഘടകക്ഷികളുടെ തീരുമാനങ്ങക്ക് കൂടി ചെവികൊടുക്കേണ്ടി വരും. ഏത് ഘട്ടത്തിലും മറുകണ്ടം ചാടുന്ന നേതാക്കളാണ് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും. ഇപ്പോഴത്തെ ലീഡ് നില വെച്ച് ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 241 സീറ്റുകളിൽ പാർട്ടി മുന്നിലാണ്. 99 സീറ്റുകളിൽ ലീഡുമായി കോൺഗ്രസാണ് തൊട്ടുപിന്നിൽ. സമാജ്‌വാദി പാർട്ടി (35) തൃണമൂൽ കോൺഗ്രസ് (31), ഡി.എം.കെ (21), ടി.ഡി.പി (16), ജെ.ഡി.യു (14) എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ മുന്നേറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.