പ്രധാനമന്ത്രിയുടെ ബിരുദ വിവാദത്തിലും മലക്കംമറിഞ്ഞ് പവാർ
text_fieldsമുംബൈ: അദാനി വിഷയത്തിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവാദത്തിലും മലക്കംമറിഞ്ഞ് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. രാജ്യം തൊഴിലില്ലായ്മയും വിലക്കയറ്റവും സംഘർഷങ്ങളും അഭിമുഖീകരിക്കുമ്പോൾ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത രാഷ്ട്രീയ വിഷയമാക്കേണ്ടതുണ്ടോ എന്ന് ചോദിച്ചാണ് തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയത്.
ജാതി, മതങ്ങളുടെ പേരിൽ ഇന്ന് ജനങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കുന്നു. കാലംതെറ്റിയുള്ള മഴയിൽ കാർഷിക ഉൽപന്നങ്ങൾ നശിക്കുന്നു. ഈ വിഷയങ്ങളിലാണ് ഇപ്പോൾ ചർച്ച അനിവാര്യമെന്ന് പവാർ പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രിയുടെ ബിരുദം വിഷയമാക്കുമ്പോഴാണ് പവാറിന്റെ മലക്കംമറിച്ചിൽ. പ്രധാനമന്ത്രിയുടെ ബിരുദ വിഷയത്തിൽ ആം ആദ്മി പാർട്ടി സജീവ പ്രചാരണം തന്നെ നടത്തുന്നുമുണ്ട്.
അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) എന്ന കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തെ തള്ളിയ പവാർ അദാനിയെ വാഴ്ത്തിയിരുന്നു. ഇവക്കുപുറമെ തെരഞ്ഞെടുപ്പിൽ വോട്ടുയന്ത്രം ഉപയോഗിക്കുന്നതിന് എതിരായ പ്രതിപക്ഷ അഭിപ്രായത്തോടും എൻ.സി.പി വിയോജിച്ചു. ഭിന്നാഭിപ്രായങ്ങൾ പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തെ ബാധിക്കില്ലെന്ന് പവാർ പറയുമ്പോഴും അദ്ദേഹത്തിന്റെ നിലപാടുകൾ ഉദ്ധവ് പക്ഷ ശിവസേനയെയും കോൺഗ്രസിനെയും കൂടുതൽ പ്രതിരോധത്തിലാക്കുകയാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.