ഹിൻഡൻബർഗിനെ തള്ളി അദാനിയെ പിന്തുണച്ച് പവാർ
text_fieldsമുംബൈ: അദാനിക്ക് എതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ച് എൻ.സി.പി അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാർ.
‘എൻ.ടി.വി’ ചാനലുമായുള്ള അഭിമുഖത്തിലാണ് ഹിൻഡൻബർഗിനെ തള്ളിപ്പറഞ്ഞും അദാനിയെ പിന്തുണച്ചും ശരദ് പവാർ രംഗത്തുവന്നത്. വ്യവസായികൾക്കെതിരെ മുമ്പും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടാവുകയും പാർലമെന്റ് സ്തംഭിക്കുകയും ചെയ്തിട്ടുണ്ടെന്നും അതിനൊന്നും കിട്ടാത്ത പ്രാധാന്യമാണ് ഇപ്പോൾ ഹിൻഡൻബർഗ് റിപ്പോർട്ടിന് നൽകുന്നതെന്നും അത് രാജ്യത്തിന്റെ സമ്പത്തിനെയാണ് ബാധിക്കുന്നതെന്നും പവാർ പറഞ്ഞു.
ഒരു വ്യവസായ ഗ്രൂപ്പിനെ ലക്ഷ്യമിടുന്നതായാണ് തോന്നുന്നത്. പെട്രോൾ കെമിക്കൽ മേഖലയിൽ അംബാനിയും വൈദ്യുതി മേഖലയിൽ അദാനിയും രാജ്യത്തിന് നൽകിയ സംഭാവനകൾ വലുതാണ്.
രാഹുൽ ഗാന്ധിയുടെ വ്യവസായികൾക്കെതിരായ അദാനി-അംബാനി പ്രയോഗത്തോട് യോജിപ്പില്ല. മുമ്പും കേന്ദ്ര സർക്കാറുകൾക്കെതിരെ ഇത്തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. അന്നത് ടാറ്റ-ബിർള ആയിരുന്നു. ഭരണകൂടത്തിന്റെ നിഴലിൽ വരുന്ന പാർലമെന്റ് സംയുക്ത സമിതിയേക്കാൾ വിശ്വാസയോഗ്യമാണ് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതി.
പാർലമെന്റ് സംയുക്ത സമിതി കോൺഗ്രസ് ആവശ്യപ്പെടുന്നത് മാസങ്ങളോളം മാധ്യമങ്ങളിൽ വിഷയം കത്തിനിൽക്കാനാകാമെന്നും പവാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.