പ്രതിപക്ഷ നീക്കങ്ങൾക്കിടെ ശരദ് പവാർ രാഷ്ട്രപതി സ്ഥാനാർഥിയാകില്ലെന്ന് സൂചന
text_fieldsന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയായി എൻ.സി.പി നേതാവ് ശരദ് പവാർ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ അദ്ദേഹം മത്സരിക്കാൻ സാധ്യതയില്ലെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. താൻ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഇന്നലെ വൈകുന്നേരം മുംബൈയിൽ വെച്ച് നടന്ന എൻ.സി.പി യോഗത്തിൽ പവാർ അറിയിച്ചതായാണ് വിവരം. തീരുമാനം ഇതുവരെ കോൺഗ്രസിനെ അറിയിച്ചിട്ടില്ല.
സ്ഥാനാർഥിയെ പിന്തുണക്കാൻ പാകത്തിന് വോട്ടുകൾ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് ലഭിക്കുമെന്ന ആത്മവിശ്വാസമില്ലാത്തതാണ് പവാർ വിമുഖത കാണിക്കുന്നതിന്‍റെ കാരണമെന്ന് വൃത്തങ്ങൾ അറിയിച്ചു. തോൽക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേത്തിന് താൽപ്പര്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിലെ എൻ.സി.പിയുടെ സഖ്യകക്ഷികളായ കോൺഗ്രസും ശിവസേനയും പവാറിനെ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർഥിയാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ വ്യാഴാഴ്ച പവാറിന്‍റെ മുംബൈയിലെ വസതിയിൽ ചെന്ന് സോണിയ ഗാന്ധിയുടെ ആവശ്യം അദ്ദേഹത്തെ നേരിട്ടറിയിച്ചിരുന്നു.
എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാൾ, ശിവസേന തലവൻ ഉദ്ദവ് താക്കറെ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവരും ആവശ്യം പവാറിനെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18നാണ് നടക്കുക. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി ജൂലൈ 24ന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.