ബാരാമതിയിൽ സുപ്രിയക്ക് വെല്ലുവിളിയായി അജിത് പവാറിന്റെ ഭാര്യ; മകളുടെ വിജയത്തിന് നേരിട്ടിറങ്ങി ശരദ് പവാർ
text_fieldsമഹാരാഷ്ട്ര: ലോക്സഭ തെരഞ്ഞെടുപ്പിൽ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ കടുത്ത മത്സരമാണ് നേരിടുന്നത്. പവാറിന്റെ കുടുംബം വർഷങ്ങളായി കുത്തകയാക്കി വെച്ച ബാരാമതി മണ്ഡലത്തിലാണ് സുപ്രിയ പോരിനിറങ്ങിയത്. എന്നാൽ അമ്മാവൻ അജിത് പവാറിന്റെ ഭാര്യ സുനേത്ര രംഗത്തിറങ്ങിയതോടെ മത്സരം കടുത്തു. കഴിഞ്ഞ വർഷമാണ് അജിത് പവാർ എൻ.സി.പിയെ പിളർത്തി ബി.ജെ.പിക്കൊപ്പം പോയത്.
1984ലാണ് ശരദ് പവാർ ആദ്യമായി ബാരാമതി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ അനന്തരവനും വിശ്വസ്തനുമായ അജിത് പവാറിന്റെ ഊഴമായിരുന്നു. 1991ലാണ് അജിത് പവാർ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയത്.1996 ൽ ശരദ് പവാർ വീണ്ടും ബാരാമതിയിൽ മത്സരിച്ചു. 2009 ൽ ഇതേ മണ്ഡലത്തെ പ്രതിനിധീകരിച്ച് സുപ്രിയ എം.പിയായി. അന്നുതൊട്ടിന്നുവരെ സുപ്രിയയുടെ കുത്തകയാണ് ബാരാമതി. എന്നാൽ ഇത്തവണ സുപ്രിയയെ തോൽപിക്കാൻ അടവുകൾ പലതും പയറ്റുന്നുണ്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി കൂടിയായി അജിത് പവാർ. ബി.ജെ.പിയുടെയും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെയും പിന്തുണയും അദ്ദേഹത്തിനുണ്ട്.
മകളുടെ വിജയം പ്രസ്റ്റീജ് പ്രശ്നമായതിനാൽ പഴയ എതിരാളികളെയും സുഹൃത്തുക്കളെയും വിവിധ സമുദായ പ്രതിനിധികളെയും നേരിൽ കണ്ട് വോട്ടുറപ്പിക്കുകയാണ് ശരദ്പവാർ. കഴിഞ്ഞ ശനിയാഴ്ച അദ്ദേഹം തന്റെ മുഖ്യ എതിരാളിയായിരുന്ന അനന്ത്റാവു തോപ്തെയുടെ വീട്ടിലെത്തിയിരുന്നു.
അനന്ത്റാവുവുമായുള്ള കൂടിക്കാഴ്ചയിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ ബാലാസാഹേബ് തോറാട്ട്, നാനാ നവാലെ എന്നിവരും പങ്കെടുത്തു. ജനുവരിയിൽ ബി.ജെ.പി നേതാവും അജിത്തിന്റെ ദീർഘകാല എതിരാളിയുമായ ഹർഷ വർധൻ പാട്ടീലുമായി രാഷ്ട്രീയേതര ചടങ്ങിൽ പവാർ വേദി പങ്കിട്ടിരുന്നു. ഇതിനെല്ലാം പുറമെ, ഹോളർ സമുദായം, അഭിഭാഷകർ, ഡോക്ടർമാർ എന്നിവരുടെ പ്രത്യേക റാലികളെയും പവാർ അഭിസംബോധന ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.