മുൻ കേന്ദ്ര മന്ത്രി ശരത് യാദവ് അന്തരിച്ചു
text_fieldsന്യൂഡൽഹി: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്ര മന്ത്രിയും ജനതാദൾ യുനൈറ്റഡ് (ജെ.ഡി.യു) മുൻ അധ്യക്ഷനുമായിരുന്ന ശരത് യാദവ് അന്തരിച്ചു. 75 വയസ്സായിരുന്നു. അബോധാവസ്ഥയിൽ വ്യാഴാഴ്ച വൈകീട്ട് ഗുരുഗ്രാമിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യാദവ് രാത്രിയോടെ വിടപറഞ്ഞുവെന്ന് മകൾ സുഭാഷിണി ശരത് യാദവ് ട്വിറ്ററിൽ അറിയിച്ചു.
നിലവിൽ രാഷ്ട്രീയ ജനതാദൾ നേതാവാണ്. ഏഴു തവണ ലോക്സഭാംഗവും നാലു തവണ രാജ്യസഭാംഗവുമായിരുന്നു. കൃഷിക്കാരൻ, എൻജിനീയർ, വിദ്യാഭ്യാസ വിദഗ്ധൻ എന്നിങ്ങനെയെല്ലാം അറിയപ്പെടുന്ന നേതാവാണ്. അടൽ ബിഹാരി വാജ്പേയ് മന്ത്രിസഭയിൽ 1999-2004 കാലത്ത് വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു.
സോഷ്യലിസ്റ്റ് കുലപതി ജയപ്രകാശ് നാരായണന്റെ ജെ.പി മൂവ്മെന്‍റിൽ അംഗമായാണ് രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. 1974ൽ ജബൽപൂരിൽ മൽസരിക്കാൻ ജെ.പി തെരഞ്ഞെടുക്കുമ്പോൾ ശരത്‍യാദവിന്റെ പ്രായം 27 ആയിരുന്നു. ഇവിടെ നിന്ന് ജയിച്ച് ആദ്യമായി ലോക്സഭയിലെത്തി. 1947 ജൂലൈ ഒന്നിന് മധ്യപ്രദേശിലെ ഹോഷൻഗ്ഗാബാദ് ജില്ലയിൽ കർഷക കുടുംബത്തിൽ നന്ദകിഷോർ യാദവിന്‍റെയും സുമിത്രയുടെയും മകനായി ജനിച്ചു.
ജബൽപൂർ എൻജിനീയറിങ് കോളജിൽ നിന്നു ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശരത് യാദവ് ജബൽപ്പൂർ റോബർട്ട്സൻ കോളജിൽനിന്നു ബി.എസ്.സി ബിരുദവും കരസ്ഥമാക്കി. ബിഹാറിൽ ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ ഭരണം അവസാനിപ്പിച്ച ജെ.ഡി.യുവിന്റെ പിറവിയിൽ നിതീഷ് കുമാറിനൊപ്പം ശരത് യാദവും പങ്കാളിയായിരുന്നു.
പിന്നീട് ജെ.ഡി.യുവിന്റെ ആദ്യ അധ്യക്ഷനായി. 2017-ൽ ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ കോൺഗ്രസ്, ആർ.ജെ.ഡി പാർട്ടികൾ നേതൃത്വം നൽകിയ മഹാഗഡ്ബന്ധൻ സഖ്യം വിട്ട് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയിൽ അംഗമായി.നിതീഷിനൊപ്പം പോകാഞ്ഞതിനെ തുടർന്ന് ശരത് യാദവിന് 2017ൽ കൂറുമാറ്റ നിരോധന നിയമപ്രകാരം രാജ്യസഭാംഗത്വം നഷ്ടപ്പെട്ടു.
പിന്നീട് 2018 മെയിൽ ലോകതാന്ത്രിക് ജനതാദൾ എന്ന പാർട്ടി രൂപവത്കരിച്ചു. 2022 മാർച്ച് 20ന് ലാലു പ്രസാദ് യാദവിന്‍റെ പാർട്ടിയായ ആർ.ജെ.ഡിയിൽ ശരത് യാദവിന്‍റെ പാർട്ടി ലയിച്ചു. ശരത് യാദവിന്‍റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും അനുശോചിച്ചു. ഭാര്യ: രേഖാ യാദവ്. രണ്ടു മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.