മോദി ഒഴിയേണ്ടി വരും -ശരദ് യാദവ്
text_fieldsന്യൂഡൽഹി: ബിഹാറിൽ പിന്നാക്ക, ദലിത്, മുസ്ലിം വോട്ടുകളുടെ കേന്ദ്രീകരണം പ്രതിപക്ഷ സഖ്യത്തെ സഹായിക്കുമെന്ന് ലോക്താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവ്. ആർ.ജെ.ഡി, കോൺഗ്രസ്, ആർ.എൽ.എസ്.പി തുടങ്ങിയവയടങ്ങുന്ന പ്രതിപക്ഷ കൂട്ടായ്മക്ക് 2014ൽ എൻ.ഡി.എക്ക് കിട്ടിയതിനേക്കാൾ കൂടുതൽ വോട്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞതവണ ബിഹാറിൽ എൻ.ഡിഎക്ക് 31ഉം പ്രതിപക്ഷ കൂട്ടായ്മക്ക് ഒമ്പതും സീറ്റാണ് ലഭിച്ചത്. ഹിന്ദി ഹൃദയഭൂമിയായ ഉത്തർപ്രദേശിലും മധ്യപ്രദേശിലുമുള്ള ബി.ജെ.പിയുടെ മോശം പ്രകടനം കാരണം മോദി സർക്കാർ അധികാരമൊഴിയേണ്ടിവരുമെന്നും ശരദ് യാദവ് അഭിപ്രായപ്പെട്ടു. കാർഷിക മേഖലയിലെ പ്രതിസന്ധി സാധാരണക്കാർക്കിടയിൽ എൻ.ഡി.എ സർക്കാറിനെതിരായ രോഷമുണ്ടാക്കിയിട്ടുണ്ട്.
മാധ്യമങ്ങളെ കൂട്ടുപിടിച്ച് ബി.ജെ.പി നേതാക്കൾ തങ്ങൾക്കുവേണ്ട വാർത്തകൾ നിർമിക്കുകയാണ്. എന്നാൽ, യാഥാർഥ്യം ടെലിവിഷനിൽ കാണുന്നതിൽനിന്ന് വ്യത്യസ്തമാണ്. ബി.ജെ.പി എങ്ങനെ ജയിക്കുമെന്നാണ് പറയുന്നത്? രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഗഢിലും ബി.ജെ.പിയുടെ സീറ്റുകൾ കുറയും. ബിഹാറിലും ഝാർഖണ്ഡിലും അവർ പിന്നിലാവും. യു.പിയിൽ എസ്.പി-ബി.എസ്.പി സഖ്യം ഏറെ മുന്നിലാണ്. മേയ് 23 ആവട്ടെ, മോദി സർക്കാറിെൻറ അധികാരം അന്നത്തോടെ തീരും -യാദവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.