രാഷ്ട്രപതി: ഭരണഘടനയെ മാനിക്കുമെങ്കിൽ എൻ.ഡി.എ പിന്തുണ ചർച്ച ചെയ്യാമെന്ന് ശരത് യാദവ്
text_fieldsന്യൂഡൽഹി: ഭരണഘടനയിൽ വിശ്വസിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന ആളെയാണ് രാഷ്ട്രപതി സ്ഥാനാർഥിയായി എൻ.ഡി.എ സഖ്യം പ്രഖ്യാപിക്കുന്നതെങ്കിൽ മാത്രമേ അദ്ദേഹത്തെ സമവായത്തോടെ പിന്തുണക്കുന്നത് പരിഗണിക്കുകയുള്ളൂവെന്ന് ജനതാദൾ (യു) നേതാവ് ശരത് യാദവ്. എങ്കിൽ, ഇക്കാര്യം ചർച്ചചെയ്യാം. എന്നാൽ, കടുത്ത ഹിന്ദുത്വ അജണ്ടയിൽ ഉൗന്നിയാണ് ബി.ജെ.പി സഖ്യം സ്ഥാനാർഥിയെ നിർത്തുന്നതെങ്കിൽ പ്രതിപക്ഷം മത്സരത്തിന് തയാറാണെന്നും അദ്ദേഹം പറഞ്ഞു.
സംഘ്പരിവാർ സംഘടനകളുടെ ‘ലൗ ജിഹാദും’ ‘ഘർ വാപസിയും’ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് എതിരാണ്. പ്രായപൂർത്തിയായ പൗരന് ആരെ വേണമെങ്കിലും വിവാഹം ചെയ്യാൻ ഭരണഘടന അനുമതി നൽകുന്നുണ്ട്. എന്നാൽ, സംഘ്പരിവാർ ഇൗ ആശയത്തിന് എതിരാണ്. മൂന്നുവർഷത്തെ ഭരണത്തിനിടയിൽ ഭരണഘടനയിലില്ലാത്ത ഇത്തരം കാര്യങ്ങളാണ് ബി.ജെ.പി നടപ്പാക്കിയതെന്നും ശരത് യാദവ് കുറ്റപ്പെടുത്തി.
പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനത്തേക്ക് സ്ഥാനാർഥിയായി ശരത് യാദവിനെയും പരിഗണിക്കുന്നുണ്ട്. ജൂലൈയിലാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പൊതുസ്ഥാനാർഥിയെ നിർത്താൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ നീക്കം തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്കു മുമ്പ് ഇടതുപാർട്ടികൾ, സമാജ്വാദി പാർട്ടി, ബി.എസ്.പി, ആർ.ജെ.ഡി, ജെ.ഡി (യു), എൻ.സി.പി നേതാക്കളുടെ യോഗം സോണിയ ഗാന്ധി വിളിച്ചുചേർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.