എൽ.ജെ.ഡി ആർ.ജെ.ഡിയിൽ ലയിച്ചു, 25 വർഷത്തിന് ശേഷം
text_fieldsന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ശരത് യാദവിന്‍റെ ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിൽ (ആർ.ജെ.ഡി) ലയിച്ചു. 25 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് ഇരു പാർട്ടികളും ഒന്നിക്കുന്നത്. ലയനം പ്രതിപക്ഷ ഐക്യത്തിനുള്ള ആദ്യ ചുവടാണെന്ന് ശരത് യാദവ് പറഞ്ഞു.
ബി.ജെ.പിക്കെതിരെ പോരാടുന്നതിന് മുഴുവൻ പ്രതിപക്ഷവും ഒന്നിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രതിപക്ഷ പാർട്ടികളുടെ ഏകീകരണത്തിനാണ് ഇപ്പോൾ മുൻഗണനയെന്നും സംയുക്ത പ്രതിപക്ഷത്തെ ആര് നയിക്കുമെന്ന് പിന്നീട് തീരുമാനിക്കുമെന്നും ശരത് യാദവ് വ്യക്തമാക്കി.
ജൂണിൽ രാജ്യസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ശരത് യാദവിനെ ആർ.ജെ.ഡി നാമനിർദേശം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.
1997ൽ ലാലു പ്രസാദ് യാദവ് ആർ.ജെ.ഡി സ്ഥാപിക്കുകയും നിതീഷ് കുമാറും ശരത് യാദവും ചേർന്ന് ജെ.ഡി.യു രൂപീകരിക്കുകയും ചെയ്തപ്പോഴാണ് ഇരുവരും വേർപിരിഞ്ഞത്. പിന്നീട് കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലു പ്രസാദ് ശിക്ഷിക്കപ്പെട്ടു.
ബി.ജെ.പിയുമായി നിധീഷ് കുമാർ ബന്ധം സ്ഥാപിച്ചതിന് പിന്നാലെയാണ് ജനതാദൾ (യുണൈറ്റഡ്)ൽ നിന്നും പുറത്തുവന്ന ശരത് യാദവ് 2018ൽ എൽ.ജെ.ഡി രൂപീകരിക്കുന്നത്. അടൽ ബിഹാരി വാജ്‌പേയി നേതൃത്വം നൽകിയ എൻ.ഡി.എ സർക്കാറിൽ കാബിനറ്റ് മന്ത്രിയായിരുന്നു ശരത് യാദവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.