വാക്സിൻ നിർമാണത്തിൽ മറ്റ് കമ്പനികളെക്കൂടി പങ്കാളികളാക്കണം- കെജ് രിവാൾ
text_fieldsന്യൂഡൽഹി: രാജ്യത്തെ മറ്റ് കമ്പനികളുമായി വാക്സിൻ ഫോർമുല പങ്കുവെക്കാൻ തയാറാകണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ കേന്ദ്രത്തോട് അഭ്യർഥിച്ചു. സെറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും പുറമെ മറ്റ് കമ്പനികൾക്ക് കൂടി വാക്സിൻ നിർമിക്കാൻ കഴിഞ്ഞാൽ വാക്സിൻ ലഭ്യതയിലുണ്ടായ കുറവ് പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം അഭ്യർഥിച്ചുകൊണ്ട് കെജ് രിവാൾ പ്രധാനമന്ത്രിക്ക് കത്തയച്ചു. നിലവിൽ കോവിഷീൽഡ്(സെറം ഇൻസ്റ്റിറ്റ്യൂട്ട്), കോവാക്സിൻ (ഭാരത് ബയോടെക്) എന്നീ രണ്ട് കമ്പനികൾ മാത്രമാണ് കോവിഡ് വാക്സിൻ ഉത്പാദിപ്പിക്കുന്നത്. ഇവരിൽ നിന്ന് കേന്ദ്രം ഫോർമുല വാങ്ങി മറ്റ് കമ്പനികൾക്ക് നൽകി വാക്സിൻ ഉത്പാദനം കൂട്ടണമെന്നാണ് ഡൽഹി മുഖ്യമന്ത്രിയുടെ ആവശ്യം.
രണ്ട് കമ്പനികളും കൂടി ആറോ ഏഴോ കോടി ഡോസ് വാക്സിൻ മാത്രമാണ് ഒരു മാസം ഉത്പാദിപ്പിക്കാൻ കഴിയുക. ഇങ്ങനെ പോയാൽ എല്ലാവരേയും വാക്സിനേറ്റ് ചെയ്യിക്കാൻ ഏകദേശം രണ്ടു വർഷം എടുക്കും. അതിനിടെ കോവിഡ് പല തരംഗങ്ങൾ വന്നുപോകും. അതിനാൽ വാക്സിൻ ഉത്പാദനം വർധിപ്പിക്കുക എന്നത് അടിയന്തിരമായി ചെയ്യേണ്ട കാര്യമാണ്. ഇതിനുവേണ്ടി ദേശീയ പദ്ധതി തന്നെ തയാറാക്കണം.- കെജ് രിവാൾ പറഞ്ഞു.
ഈ രണ്ട് കമ്പനികളിൽ നിന്നും വാക്സിൻ ഫോർമുല കേന്ദ്രം ശേഖരിക്കുകയും ഇത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കമ്പനികൾക്ക് നൽകുകയും വേണം. രാജ്യം പ്രയാസമേറിയ ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ഇക്കാര്യം ചെയ്യുന്നതിനുവേണ്ട അധികാരം ഉള്ളത് കേന്ദ്രത്തിനാണെന്നും കെജ് രാവാൾ കത്തിൽ ചൂണ്ടിക്കാട്ടി.
ചുരുങ്ങിയ മാസങ്ങൾക്കകം തന്നെ എല്ലാ ഇന്ത്യാക്കാരും വാക്സിൻ സ്വീകരിച്ചുകൊണ്ട് ഏത് ആപത്ഘട്ടത്തേയും നേരിടാൻ പ്രാപ്തരാവണം. മൂന്ന് മാസത്തിനുള്ളിൽ ഡൽഹി നിവാസികളെ മുഴുവൻ വാക്സിനേറ്റ് ചെയ്യുകയായിരുന്നു ലക്ഷ്യമെങ്കിലും വാക്സിൻ ലഭ്യതയിലുണ്ടായ കുറവ് മൂലം അതിന് കഴിയമോ എന്ന് സംശയകരമാണെന്നും കത്തിൽ കെജ് രിവാൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.