ബി.ജെ.പി നേതാവിന്റെ പരാതി നിലനിൽക്കില്ല ; യു.പി മതപരിവർത്തന നിരോധന നിയമത്തിൽ അലഹബാദ് ഹൈകോടതി
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ നിർബന്ധ മതപരിവർത്തന നിരോധന നിയമപ്രകാരം കേസ് കൊടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യിക്കാൻ ബി.ജെ.പി നേതാവിന് അധികാരമില്ലെന്ന് അലഹബാദ് ഹൈകോടതി.ബി.ജെ.പി ജില്ല നേതാവിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത മതപരിവർത്തന കേസിൽ യു.പി പൊലീസ് അറസ്റ്റ് ചെയ്ത ക്രിസ്ത്യൻ സമുദായക്കാരായ ജോസ് പാപ്പച്ചൻ, ഷീജ എന്നിവർക്ക് ജാമ്യം അനുവദിച്ചാണ് ജസ്റ്റിസ് ശമീം അഹ്മദിന്റെ വിധി.
സുവിശേഷം പറയലും ബൈബിൾ വിതരണവും ‘ഭണ്ഡാര’ (സൗജന്യ ഭക്ഷണ വിതരണം) നടത്തലും 2021ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരം മതം മാറ്റാനുള്ള വശീകരണമല്ലെന്നും നിർണായക വിധിയിൽ അലഹബാദ് ഹൈകോടതി വ്യക്തമാക്കി. ഇരുവർക്കും ജാമ്യം നിഷേധിച്ച അംബേദ്കർ നഗർ കോടതിയുടെ ഉത്തരവ് ഹൈകോടതി റദ്ദാക്കി.
അംബേദ്കർ നഗർ ജില്ലയിലെ ജലാൽപുരിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളെ വിവിധ വശീകരണങ്ങളിലൂടെ മതപരിവർത്തനം ചെയ്യിക്കാൻ ശ്രമിച്ചുവെന്ന ബി.ജെ.പി നേതാവിന്റെ പരാതിയിൽ ഈ വർഷം ജനുവരി 24നാണ് ജോസിനെയും ഷീജയെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഇരുവരുടെയും ജാമ്യാപേക്ഷ പട്ടിക ജാതി പട്ടിക വർഗക്കാർക്കെതിരായ അതിക്രമ കേസുകൾക്കുള്ള അംബേദ്കർ നഗർ പ്രത്യേക കോടതി കഴിഞ്ഞ മാർച്ചിൽ തള്ളിയിരുന്നു. നിർബന്ധ മതപരിവർത്തനത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യിക്കേണ്ടത് ആരാണെന്ന് അതേ നിയമത്തിന്റെ നാലാം വകുപ്പിൽ പറഞ്ഞിട്ടുണ്ടെന്ന് ജസ്റ്റിസ് ശമീം അഹ്മദ് ചൂണ്ടിക്കാട്ടി. അതനുസരിച്ച് നിയമ വിരുദ്ധ മതപരിവർത്തനത്തിന് ഇരയായ വ്യക്തിക്കോ, രക്ഷിതാക്കൾക്കോ, സഹോദരങ്ങൾക്കോ മതപരിവർത്തനം ചെയ്തയാളുമായി രക്തബന്ധമോ, വിവാഹ ബന്ധമോ ദത്തെടുത്ത ബന്ധമോ ഉള്ളയാൾക്കോ മാത്രമെ കേസ് കൊടുക്കാനാവൂ. കക്ഷിയല്ലാത്ത ഭരണകക്ഷി നേതാവിന് എഫ്.ഐ.ആറിനാധാരമായ പരാതി നൽകാൻ അധികാരമില്ല.
മതം മാറ്റിക്കാൻ ഇരുവരും ശ്രമിച്ചുവെന്ന് കാണിക്കുന്ന ഒന്നും ഹാജരാക്കാൻ പൊലീസിനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മറിച്ച് കുട്ടികളോട് സുവിശേഷം പറയുകയും ഗ്രാമീണർക്കിടയിൽ സാഹോദര്യം പ്രോത്സാഹിപ്പിക്കുകയും ചെയ്തതായാണ് കാണുന്നത്. ജോസ് പാപ്പച്ചനും ഷീജയും കുട്ടികളോട് സുവിശേഷം പറഞ്ഞുവെന്നും ബൈബിളിന്റെ കോപ്പികൾ വിതരണം ചെയ്തുവെന്നും വിദ്യാർഥികളെ വിദ്യാഭ്യാസം നേടാൻ പ്രോത്സാഹിപ്പിച്ചുവെന്നും ഗ്രാമീണർക്ക് സൗജന്യ ഭക്ഷണ വിതരണം നടത്തിയെന്നും പരസ്പരം കലഹത്തിലേർപ്പെടരുതെന്ന് അവരെ ഉപദേശിച്ചുവെന്നുമാണ് എഫ്.ഐ.ആറിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.