ശശി തരൂർ ഒരു കഴുത, ഇംഗ്ലീഷ് പ്രാവീണ്യം അർഥമാക്കുന്നത് അറിവുള്ളവനെന്നല്ല -തെലങ്കാന പി.സി.സി പ്രസിഡന്‍റ്
text_fieldsഹൈദരാബാദ്: കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിനെതിരെ രൂക്ഷവിമർശനവുമായി തെലങ്കാന പി.സി.സി പ്രസിഡന്‍റ് എ. രേവന്ത് റെഡ്ഡി. തരൂരിന്‍റെ ഹൈദരാബാദ് സന്ദർശനത്തിനും തെലങ്കാന ഐ.ടി മന്ത്രി കെ.ടി. രാമറാവുവിനെ പ്രശംസിച്ചതിനുമായിരുന്നു വിമർശനം. തരൂരിന്‍റെ സന്ദർശനത്തെക്കുറിച്ച് റെഡ്ഡിക്ക് അറിവുണ്ടായിരുന്നില്ല. ഇതേ തുടർന്നായിരുന്നു വിമർശനം.
തരൂരിനെ ഒരു കഴുതെയന്ന് വിശേഷിപ്പിച്ച റെഡ്ഡി, അദ്ദേഹത്തെ കോൺഗ്രസിൽനിന്ന് പുറത്താക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. തരൂരും രാമ റാവുവും ഒരേപോലെയാണ്. അവരുടെ ഇംഗ്ലീഷിലെ പ്രാവീണ്യം അർഥമാക്കുന്നത് അവർ അറിവുള്ളവരാണെന്നല്ലെന്നും റെഡ്ഡി പറഞ്ഞു.
ശശി തരൂർ ഒരു കഴുതയാണ്. അദ്ദേഹത്തെ പാർട്ടി പുറത്താക്കുമെന്ന് പ്രതീക്ഷിക്കുന്നു. തരൂർ പാർട്ടിക്ക് ഒരു ബാധ്യതയാണെന്ന് വീണ്ടും തെളിയിക്കുന്നു -റെഡ്ഡി പറഞ്ഞു.
'ഐ.ടി മന്ത്രിയെ പ്രശംസിക്കുന്നവർ സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും അറിയണം. ആ കഴുതയെ കൂടി ട്വീറ്റിൽ ടാഗ് ചെയ്യണം. രണ്ടുപേർ ഇംഗ്ലീഷ് സംസാരിക്കുന്നതുകൊണ്ടുമാത്രം ഇവിടെ ഒരു മാറ്റവും നടക്കില്ല' -സൈദാബാദ് ബലാത്സംഗവുമായി ബന്ധപ്പെട്ട രാമറാവുവിന്‍റെ ട്വീറ്റിന് റെഡ്ഡി മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.