ഇന്ത്യ - ചൈന സൈനികരുടെ ഏറ്റുമുട്ടൽ: ചെറുപ്രസ്താവന മാത്രം നടത്തിയത് ജനാധിപത്യ വിരുദ്ധം -തരൂർ
text_fieldsന്യൂഡൽഹി: ഇന്ത്യ-ചൈന സൈനികർ അതിർത്തിയിൽ ഏറ്റുമുട്ടിയ വിഷയത്തിൽ സർക്കാർ പാർലമെന്റിൽ വിശദാംശങ്ങളില്ലാത്ത ചെറുപ്രസ്താവന മാത്രം നടത്തിയത് ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി.
അതിർത്തിയിലെ യഥാർഥ നിയന്ത്രണ രേഖയുടെ തൽസ്ഥിതി മാറ്റിമറിക്കാൻ ചൈനീസ് സേന ഏകപക്ഷീയമായി ശ്രമിച്ചുവെന്നും ഇന്ത്യൻ സേന തക്ക മറുപടി നൽകിയെന്നുമാണ് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്നാഥ്സിങ് പാർലമെന്റിൽ പറഞ്ഞത്. ചർച്ചകൾക്കുവേണ്ടിയാണ് പാർലമെന്റ്. ജനങ്ങളോടുള്ള സർക്കാറിന്റെ പ്രതിബദ്ധത കാണിക്കുന്ന വേദി കൂടിയാണത്.
ചൈന അഞ്ചു വർഷമായി അതിർത്തിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതേക്കുറിച്ച സർക്കാറിന്റെ കാഴ്ചപ്പാട് വിശദമാക്കേണ്ടതുണ്ട്. ധാരണകളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണം. സംശയങ്ങൾക്ക് മറുപടി പറയണം. ഇതൊക്കെ സാധാരണ നടപടികളാണ്. രാജ്യരക്ഷ വിഷയങ്ങളിൽ കൂടുതൽ വിവരങ്ങൾ നൽകാനാവില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ല. ജനാധിപത്യത്തിൽ താൽപര്യമില്ലെന്നും ജനങ്ങളോട് പ്രതിബദ്ധമല്ലെന്നുമാണ് സർക്കാർ കാണിച്ചുതരുന്നത്. തന്ത്രപ്രധാന സൈനിക വിവരങ്ങളല്ല, സംഭവിച്ചതിന്റെ വിശദാംശങ്ങളാണ് ചോദിക്കുന്നതെന്നും തരൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.