മോദിക്കെതിരായ പരാമർശം: തരൂരിനെതിരായ നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശത്തിെന്റ പേരിൽ കോൺഗ്രസ് എം.പി ശശി തരൂരിനെതിരായ മാനനഷ്ടക്കേസിലെ തുടർനടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. നാലാഴ്ചക്കകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസിനും പരാതിക്കാരനും കോടതി നോട്ടീസ് അയച്ചു.
പ്രധാനമന്ത്രിയെ ശിവലിംഗത്തിലെ തേളുമായി ബന്ധപ്പെടുത്തി 2018 ഒക്ടോബറിൽ തരൂർ നടത്തിയ പ്രസ്താവനക്കെതിരെ ബി.ജെ.പി നേതാവ് രാജീവ് ബബ്ബാറാണ് പരാതി നൽകിയത്. കേസിൽ ഡൽഹി ഹൈകോടതി നിർദേശപ്രകാരം ചൊവ്വാഴ്ച വിചാരണകോടതി മുമ്പാകെ ഹാജരാകേണ്ട സാഹചര്യത്തിലാണ് തരൂർ സുപ്രീംകോടതിയെ സമീപിച്ചത്.
2012ൽ കാരവൻ മാസികയിൽ വന്ന ലേഖനത്തിലെ വരികൾ പരാമർശിക്കുകയാണ് തരൂർ ചെയ്തതെന്ന് അദ്ദേഹത്തിെന്റ അഭിഭാഷകൻ മുഹമ്മദ് അലി ഖാൻ ജസ്റ്റിസുമാരായ ഋഷികേശ് റോയ്, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് മുമ്പാകെ ചൂണ്ടിക്കാട്ടി. ലേഖനം പ്രസിദ്ധീകരിച്ച സമയത്ത് ആരും കേസുമായി രംഗത്തെത്തിയില്ല. ആറു വർഷത്തിനുശേഷം തരൂർ ലേഖനത്തിലെ വാക്കുകൾ ഉദ്ധരിച്ചപ്പോൾ മാനനഷ്ടമുണ്ടാകുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. ഇതിൽ കോടതിയും ആശ്ചര്യം പ്രകടിപ്പിച്ചു.
ഡൽഹി ഹൈകോടതി 2020 ഒക്ടോബറിൽ വിചാരണ കോടതി നടപടികൾ സ്റ്റേ ചെയ്തിരുന്നു. പിന്നീട് സ്റ്റേ നീക്കിയ ഹൈകോടതി, സെപ്റ്റംബർ 10ന് തരൂർ വിചാരണ കോടതിയിൽ ഹാജരാകണമെന്ന് നിർദേശിച്ചു. ഇതിനെതിരെയാണ് അദ്ദേഹം സുപ്രീംകോടതിയിലെത്തിയത്. പേര് വെളിപ്പെടുത്താത്ത ആർ.എസ്.എസ് നേതാവ് മോദിയെ ശിവലിംഗത്തിലിരിക്കുന്ന തേളിനോട് ഉപമിച്ചതായി തരൂർ പറഞ്ഞതാണ് വിവാദമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.