'നിങ്ങൾ സംതൃപ്തരെങ്കിൽ ഖാർഗെയ്ക്ക് വോട്ട് ചെയ്യുക, മാറ്റം വേണമെങ്കിൽ എനിക്കും'; നയം വ്യക്തമാക്കി തരൂർ
text_fieldsപാർട്ടിയുടെ നിലവിലെ പ്രവർത്തനത്തിൽ തൃപ്തരാണെങ്കിൽ ഖാർഗെക്ക് വോട്ട് ചെയ്യണമെന്നും മാറ്റം വേണമെങ്കിൽ എന്നെ തിരഞ്ഞെടുക്കണമെന്നും ശശി തരൂർ. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇതൊരു യുദ്ധമല്ല. ഞങ്ങൾ വ്യത്യസ്ത ചിന്താധാരകളിൽപ്പെട്ടവരാണ്. ഇനി അംഗങ്ങൾ തീരുമാനിക്കട്ടെ'-തരൂർ ശനിയാഴ്ച വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഞാൻ അംഗങ്ങളോട് പറയുന്നത് പാർട്ടിയുടെ പ്രവർത്തനത്തിൽ നിങ്ങൾ തൃപ്തനാണെങ്കിൽ ഖാർഗെ സാഹബിന് വോട്ട് ചെയ്യുക എന്നാണ്. എന്നാൽ മാറ്റം വേണമെങ്കിൽ എന്നെ തിരഞ്ഞെടുക്കുക'-തരൂർ കൂട്ടിച്ചേർത്തു. ജി 23 നേതാക്കളെ കണ്ടല്ല പാർട്ടി നവീകരണത്തിന് ഇറങ്ങിയതെന്ന് തരൂർ നേരത്തേ പറഞ്ഞിരുന്നു. പാർട്ടി നവീകരണം എന്നതാണ് തന്റെ എക്കാലത്തെയും നിലപാട്. നേതൃത്വത്തിന്റെ പ്രവർത്തനരീതി ചോദ്യം ചെയ്തും സംഘടനാ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടും രണ്ട് വർഷം മുൻപ് രംഗത്തുവന്ന തിരുത്തൽവാദി സംഘം (ജി 23) ഹൈക്കമാൻഡ് പിന്തുണയോടെ മത്സരിക്കുന്ന മല്ലികാർജുൻ ഖർഗെയെ പിന്തുണച്ചതിനു പിന്നാലെയായായിരുന്നു തരൂരിന്റെ പ്രതികരണം.
പ്രകടന പത്രികയിലെ ഭൂപടത്തിലെ പിഴവ് മനപ്പൂർവമല്ലെന്നും തെറ്റു സംഭവിച്ചതിൽ നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും തരൂർ പറഞ്ഞു. പ്രകടനപത്രികയിൽ ചേർത്ത ഭൂപടത്തിൽ പാക്ക് അധിനിവേശ കശ്മീരും ചൈന പിടിച്ചെടുത്ത അക്സായി ചിന്നും ഉണ്ടായിരുന്നില്ല. ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ വികാരമാണ് തന്റെ സ്ഥാനാർഥിത്വം. ഖർഗെ തുടര്‍ച്ചയുടെ പ്രതീകമാണ്. താന്‍ പുതിയ ചിന്താധാരയെന്നും തരൂര്‍ പറയുന്നു.
അതേസമയം കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനായി ജാർഖണ്ഡ് മുൻമന്ത്രി കെ.എൻ.ത്രിപാഠി സമർപ്പിച്ച പത്രിക തള്ളി. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷമാണ് ത്രിപാഠിയുടെ പത്രിക തള്ളിയതായി നേതൃത്വം അറിയിച്ചത്. അന്തിമ സ്ഥാനാർഥിപ്പട്ടികയിൽ മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെ, ശശി തരൂർ എംപി എന്നിവരുടെ പേരുകളാണുള്ളത്.
ഖർഗെ 8 സെറ്റ് പത്രികകളും തരൂർ അഞ്ചും ത്രിപാഠി ഒരു സെറ്റ് പത്രികയുമാണ് സമർപ്പിച്ചത്. ത്രിപാഠിയുടെ പത്രികകളിൽ പിന്തുണച്ച് ഒപ്പിട്ടിരിക്കുന്ന ഒരാളിന്റെ ഒപ്പിൽ വ്യത്യാസമുണ്ടെന്നും മറ്റൊരാൾ ഒപ്പ് ആവർത്തിച്ചിട്ടുണ്ടെന്നും വാർത്താസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് അതോറിറ്റി തലവൻ മധുസൂദൻ മിസ്ത്രി വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി വൈകി കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളിലാണ് ഖർഗെയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. എ.കെ.ആന്റണി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവരുടെ അഭിപ്രായം സോണിയ തേടി. ഖർഗെയുടെ പത്രികകളിലൊന്നിൽ ഒന്നാമതായി ഒപ്പിട്ടിരിക്കുന്നത് ആന്റണിയാണ്. സ്ഥാനാർഥിയാകുമെന്നു കഴിഞ്ഞദിവസം പ്രഖ്യാപിച്ച മുതിർന്ന നേതാവ് ദിഗ്‍വിജയ് സിങ് ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം ഇന്നലെ രാവിലെ പിന്മാറിയിരുന്നു. ജി 23 സംഘത്തിന്റെ ഭാഗമായിരുന്ന ശശി തരൂരിനെ കൈവിട്ടാണ് ആനന്ദ് ശർമ, മനീഷ് തിവാരി, ഭൂപീന്ദർ സിങ് ഹൂഡ, പൃഥ്വിരാജ് ചൗഹാൻ എന്നിവർ ഖർഗെയ്ക്കൊപ്പം നിന്നത്.
തുടക്കത്തിൽ 23 പേരുണ്ടായിരുന്ന സംഘം കപിൽ സിബൽ, ഗുലാം നബി ആസാദ് എന്നിവർ പാർട്ടി വിട്ടതോടെ ദുർബലമായിരുന്നു. വിരലിലെണ്ണാവുന്നവർ മാത്രമായി ചുരുങ്ങിയെങ്കിലും ജി 23 എന്നാണ് ഇപ്പോഴും അറിയപ്പെടുന്നത്. ജി 23 സംഘത്തിന്റെയാളല്ല, എല്ലാവരുടെയും പ്രതിനിധിയാണെന്ന് വ്യക്തമാക്കിയാണ് തരൂർ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയത്. ഗാന്ധി കുടുംബം മത്സരിക്കുന്നില്ലെങ്കിൽ സ്ഥാനാർഥിയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപിത നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.