ഋഷി സുനക് ഒരു ബ്രിട്ടീഷുകാരൻ, അദ്ദേഹത്തിൽ നിന്ന് ഇന്ത്യ ഇളവ് പ്രതീക്ഷിക്കരുതെന്ന് ശശി തരൂർ
text_fieldsന്യൂഡൽഹി: ഇന്ത്യൻ വംശജൻ ഋഷി സുനകിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ബ്രിട്ടൻ അതിന്റെ 'വംശീയതയെ മറികടന്നു'വെന്ന് കാണിക്കുന്ന അത്ഭുത സംഭവ വികാസമാണിതെന്ന് തരൂർ വാർത്താ ഏജൻസി എ.എൻ.ഐയോട് പ്രതികരിച്ചു. ഋഷി സുനകിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കിയ തീരുമാനം അസാധാരണമായതെന്ന് വിശേഷിപ്പിച്ച തരൂർ, വംശീയ വിവേചനബോധം മറികടന്നതിന് ബ്രിട്ടീഷുകാരെ പ്രശംസിച്ചു.
ഒന്നാമതായി, ഋഷി സുനക് ഇംഗ്ലീഷ്, സ്കോട്ടിഷ് അല്ലെങ്കിൽ ആംഗ്ലോ-സാക്സൺ വംശജനല്ല. തികച്ചും വ്യത്യസ്തമായ ഒരു വംശത്തിൽ പെട്ടയാളാണ്. 85 ശതമാനം ആളുകളും വെള്ളക്കാരായ ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി തവിട്ടുനിറമുള്ള ഒരു വ്യക്തി വരുന്നത് ശരിക്കും ശ്രദ്ധേയമാണ്.
ഋഷി സുനകിന്‍റെ മതം വ്യത്യസ്തമാണ് എന്നതാണ് രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ബ്രിട്ടനിൽ സ്ഥാപിതമായ ഒരു പള്ളിയുണ്ട്. ക്രിസ്തുമതം ഭരണകൂടത്തിന്‍റെ ഔദ്യോഗിക മതമാണ്. ഋഷി സുനക് ഹിന്ദുമതം പിൻപറ്റുന്നു. ഭഗവദ്ഗീത മുൻനിർത്തി ചാൻസലറായി സത്യപ്രതിജ്ഞ ചെയ്തു.
മൂന്നാമത്തെ കാര്യം 2015ൽ മാത്രമാണ് ഋഷി സുനക് ചാൻസലർ ആയത്. അഞ്ച് വർഷത്തിനുള്ളിൽ ധനമന്ത്രിയും ഏഴ് വർഷത്തിനുള്ളിൽ പ്രധാനമന്ത്രിയുമായി. ഇത് ആശ്ചര്യപ്പെടുത്തുന്ന വളർച്ചയാണ്.
ബ്രിട്ടൻ അവരുടെ വംശീയതയെ മറികടക്കുകയും മറ്റ് മതവിശ്വാസികളെ ഉൾക്കൊള്ളാനും അംഗീകരിക്കാനും വളരെയധികം സന്നദ്ധത കാണിക്കുകയും ചെയ്തു. അതിലുപരിയായി ബ്രിട്ടൻ യോഗ്യത നോക്കിയതായി നിങ്ങൾക്ക് കാണാൻ കഴിയും. സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിൽ സുനകിന് നല്ല പരിചയമുണ്ട്. സാഹചര്യത്തിന് അനുയോജ്യമായ വ്യക്തിയാണ് അദ്ദേഹമെന്നും തരൂർ ചൂണ്ടിക്കാട്ടി.
സുനക് ഉന്നത പദവിയിലെത്തിയത് ഇന്ത്യക്ക് നിരവധി പാഠങ്ങൾ നൽകുന്നുണ്ട്. ജാതി, മതം തുടങ്ങിയ ചില പരിഗണനകൾക്ക് അതീതമായി പരിഗണിക്കുകയും ഒരു രാജ്യത്തിന് വേണ്ടത് മികവാണെന്ന് തിരിച്ചറിയുകയും വേണം. ഇന്ത്യയുമായുള്ള ബന്ധത്തിൽ സുനകിൽ നിന്ന് എന്തെങ്കിലും ഇളവ് പ്രതീക്ഷിക്കുന്നത് തെറ്റാണ്.
ഋഷി സുനക് ഒരു ബ്രിട്ടീഷുകാരനാണ്. ബ്രിട്ടന്റെ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുക എന്നതായിരിക്കും അദ്ദേഹത്തിന്റെ ജോലി. ഇന്ത്യൻ ബന്ധങ്ങൾ കാരണം അദ്ദേഹത്തിൽ നിന്ന് മറ്റൊന്നും ആഗ്രഹിക്കരുതെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.